ജലവിതരണ കുഴൽ പൊട്ടി: കിണറുകൾ ഉപയോഗശൂന്യമായി, റോഡ്​ തകർന്നു

കക്കട്ടില്‍: കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. റോഡും സമീപത്തെ മൂന്ന് കിണറുകളും നശിച്ചു. ജൂണിൽ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതി പൈപ്പാണ് പൊട്ടിയത്. രണ്ടുമാസം മുമ്പ് ടാർ ചെയ്ത കോവക്കുന്ന്-കാട്ടി കെട്ടിയ പൊയിൽ റോഡാണ് 10 മീറ്ററോളം തകർന്നത്. റോഡിന് പുറമെ മൂന്ന് കിണറുകളും ഉപയോഗശൂന്യമായി. വട്ടക്കാട്ടിൽ അശോകൻ, കാട്ടികെട്ടിയ പൊയിൽ രാഘവൻ നായർ, കുറ്റിക്കാട്ടിൽ രവീന്ദ്രൻ എന്നിവരുടെ വീടുകളോട് ചേർന്നുള്ള കിണറുകളാണ് ഉപയോഗശൂന്യമായത്. കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്നിൽ സ്ഥിതിചെയ്യുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്കിലേക്കുള്ള പൈപ്പ് ബുധനാാഴ്ച രാവിലെ 10.30ന് വൻ ശബ്ദത്തോടെ പൊട്ടുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. നാട്ടുകാർ അവസരോചിതമായി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. പരിസരത്തെ കിണറുകൾ നിറഞ്ഞ് ഉപയോഗശൂന്യമായതിന് പുറമെ പറമ്പിൽ കൂട്ടിയിട്ട തേങ്ങകൾ ഒലിച്ചുപോയിട്ടുമുണ്ട്. എയർവാൾവ് ഇട്ട ഭാഗത്താണ് പൈപ്പ് പൊട്ടിയത് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറ്റ്യാടി, കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, നാദാപുരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി പൂർത്തീകരിച്ചെങ്കിലും പല തകരാറുകളും ഉള്ളതിനാൽ കമീഷൻ ചെയ്യാനാകാത്ത സ്ഥിതിയാണ്. 32 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. ഇപ്പോഴുള്ള തകരാറുകൾ പരിഹരിക്കാൻ ഇനിയും പണം അനുവദിക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.