മെഡിക്കൽ കോളജിൽ രോഗികളും സന്ദർശകരും കുറഞ്ഞു

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ആശങ്ക പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെയും സന്ദർശകരുടെയും എണ്ണത്തിൽ ക്രമാതീതമായ കുറവ്. സാധാരണ ഗതിയിൽ 4000ത്തിലധികം പേർ വരാറുള്ള ഒ.പിയിൽ ബുധനാഴ്ച ചികിത്സ തേടിയെത്തിയത് 1084 പേരാണ്. മറ്റു ദിവസങ്ങളിൽ 600ഓളം പേരെ കിടത്തിച്ചികിത്സിക്കാറുണ്ടെങ്കിൽ ചൊവ്വാഴ്ച ഇതും കുറഞ്ഞിട്ടുണ്ട്. 147പേരാണ് ഇന്നലെ അഡ്മിറ്റ് ചെയ്തത്. ഉച്ചവരെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. സാധാരണ ഉച്ചവരെ 500ഓളം പേർ എത്താറുണ്ടെങ്കിലും ബുധനാഴ്ച വന്നത് 112പേരാണ്. ഒ.പിയിൽ സാധാരണ ദിവസങ്ങളിൽ നീണ്ട നിരയാണ് ഉണ്ടാവാറുള്ളത്. ജില്ലയുടെ വിദൂര ഗ്രാമങ്ങളിൽ നിന്നും അയൽജില്ലകളിൽ നിന്നും വരെ നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന സ്ഥിതിയിൽനിന്നാണ് ആളുകളുടെ എണ്ണം കുറഞ്ഞ സ്ഥിതിയിലേക്കെത്തിയിട്ടുള്ളത്. ആശങ്കയെത്തുടർന്ന് ചില ഡോക്ടർമാരും ജീവനക്കാരും അവധിയെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് തങ്ങളുടെ ജോലിഭാരം വർധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പരാതിപ്പെട്ടു. സാധാരണഗതിയിൽ രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരുമായി ആയിരക്കണക്കിന് ആളുകളെക്കൊണ്ട് തിങ്ങിനിറയാറുള്ള ഇടമാണ് മെഡിക്കൽ കോളജ് ആശുപത്രി. പ്രത്യേകിച്ച് പനിക്കാലമായതിനാൽ തറയിലും വരാന്തയിലും പോലും രോഗികൾ കിടക്കാറുണ്ട്. എന്നാൽ, പതിവിനു വിപരീതമായി ചില വാർഡുകളിലെ കിടക്കകളും ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണുള്ളത്. സന്ദർശകരും കാര്യമായി ആശുപത്രിയിലെത്തുന്നില്ല. വന്നവർ തന്നെ പെട്ടെന്ന് തിരിച്ചുപോവുന്ന സ്ഥിതിയാണുള്ളത്. അത്യാഹിത വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ മുൻകരുതലുകളെടുത്ത് സേവനമനുഷ്ഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എൻ.95 മാസ്ക് ഉപയോഗിച്ചാണ് ആശുപത്രിയിൽ ഡോക്ടർമാരും മറ്റും ജോലിചെയ്യുന്നത്. രോഗികളും കൂട്ടിരിപ്പുകാരും സന്ദർശകരും സാധാരണ മാസ്കും ഉപയോഗിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ടും മാസ്ക് എത്തിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രണ്ടാംദിവസവും രോഗികൾ കുത്തനെ കുറഞ്ഞു പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ ചൊവാഴ്ച ഒ.പിയിൽ എത്തിയിരുന്നത് 105 പേരായിരുന്നെങ്കിൽ ബുധനാഴ്ച അത് 54 പേരായി കുറഞ്ഞു. നിത്യേന ആയിരത്തോളംപേർ എത്തുന്ന ആശുപത്രിയിലാണ് രോഗികളുടെ എണ്ണം വെറും അഞ്ച് ശതമാനമായി ചുരുങ്ങിയത്. ഇവിടെ പ്രവേശിപ്പിച്ച രോഗികളും ഒരു നഴ്സും നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെയാണ് ഈ ആതുരാലയത്തെ ജനങ്ങൾ കൈയൊഴിഞ്ഞത്. പേരാമ്പ്ര സഹകരണ ആശുപത്രിയിലും കഴിഞ്ഞ രണ്ടു ദിവസമായി രോഗികളുടെ എണ്ണം കുറവാണ്. ഒരുദിവസം ഇവിടെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പനി പേടിയെ തുടർന്ന് വരാത്ത അവസ്ഥയുമുണ്ടായിരുന്നു. ഇതേ തുടർന്ന് ചെറുവണ്ണൂർ കാരനായ ഡോ. അജയ് വിഷ്ണു ഡ്യൂട്ടി എടുക്കാൻ തയാറാണെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയും ചൊവ്വാഴ്ച രാത്രി ചാർജെടുക്കുകയും ചെയ്തു. പേരാമ്പ്രയിൽ സേവനമനുഷ്ഠിക്കാൻ തയാറായ അജയ് വിഷ്ണുവിന് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ്. പേരാമ്പ്രക്ക് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തിരക്ക് കൂടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.