ഈ ഗ്രാമം പറയുന്നു; ഞങ്ങളെ ഭീതിയില്‍ നിര്‍ത്തരുതേ?

അനൂപ് അനന്തൻ വടകര: 'മോനേ നാളിതുവരെ കേള്‍ക്കാത്ത പേരാണിത്. പനിക്കും ഇങ്ങനെ പേരുണ്ടോ? ആളുകൾ തമ്മില്‍ കണ്ടാല്‍തന്നെ പ്രശ്നമാണോ. കടവാതിലാണോ (വവ്വാല്‍) സര്‍വ പ്രശ്നത്തിനും കാരണം? എനിക്ക് 70 കഴിഞ്ഞു. ഇതിനിടയില്‍ ഇങ്ങനെയൊരു പനിപ്പേടി ഈ നാട്ടിലുണ്ടായിട്ടില്ല. പഴയ വസൂരിക്കാലത്തെ കുറിച്ചൊക്കെ പറയും പോലെയാ ഇപ്പോള്‍ പനി...' ചങ്ങരോത്ത് പഞ്ചായത്തിലെ 70 കഴിഞ്ഞ വീട്ടമ്മയുടെ വാക്കുകളാണിത്. എന്നാൽ, ഇതുകേട്ടുനിന്ന ചെറുപ്പക്കാര​െൻറ മുഖം കറുത്തു. ഇനി ഇതൊക്കെ എഴുതിപ്പിടിപ്പിച്ച് നാടാകെ ഭീതിയുടെ നിഴലിലാക്കരുതെന്നായി അയാൾ. ഇതിനിടയില്‍ മധ്യവയസ്കനായ ഒരാള്‍ പറഞ്ഞു. ആരും ആരെയും കുറ്റപ്പെടുേത്തണ്ട. ഈ പനിയൊരു യാഥാർഥ്യമാണ്. ഭീതി വേണ്ട. പേക്ഷ, കരുതല്‍ വേണം'. നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ച പനിയെക്കുറിച്ചാണ്. സാധാരണ പനിപോലും ഏറെ പേടിയോടെയാണ് നാട്ടുകാര്‍ കാണുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്നും വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ബോധവത്കരണ പ്രവര്‍ത്തനത്തിലൂടെ നാടിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതായി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വവ്വാലുകളെ കൂട്ടമായി കാണുന്ന കാവുകള്‍, പഴയകാല വീടുകള്‍ എന്നിവിടങ്ങളിലുള്ളവരും പരിസരവാസികളും ഏറെ കരുതലിലാണ്. പലരും സ്വന്തം വീട്ടിലെ പറമ്പില്‍ വീണ മാമ്പഴങ്ങള്‍ തൊടരുതെന്ന കള്‍ശന നിര്‍ദേശവും കുട്ടികൾക്ക് നല്‍കി. ഇതോടെ വൈകി പൂത്ത മാവുകളില്‍ പഴുത്ത് തുടങ്ങിയ മാങ്ങകള്‍ ആര്‍ക്കും വേണ്ടാതായി. മാങ്ങ മാത്രമല്ല, ചക്ക, ചാമ്പക്ക, പേരക്ക എന്നിവയും ഈ ഗണത്തില്‍പ്പെടും. വളര്‍ത്തുമൃഗങ്ങളിലൂടെയും നിപ പനി പിടിപെടാമെന്ന് അഭിപ്രായം ഉയര്‍ന്നതോടെ വളര്‍ത്തുമൃഗങ്ങളെ നെഞ്ചോടുചേര്‍ത്ത് പിടിച്ചവര്‍ അകന്ന് നില്‍ക്കുകയാണ്. പൂച്ച, പശു, മുയല്‍, ആട്, പട്ടി തുടങ്ങിയവയെ ഏറെ കരുതലോടെയാണിപ്പോള്‍ ഏവരും പരിചരിക്കുന്നത്. പനി സൃഷ്ടിച്ച ഭീതിയില്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ചുരുങ്ങി. റമദാന്‍ വ്രതകാലത്ത് പൊതുവെ കച്ചവടം ചുരുങ്ങുമെങ്കിലും ഇത്തവണ ആരും കയറാത്ത അവസ്ഥയാണുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. ചുരുങ്ങിയത് 100 ജ്യൂസ് കച്ചവടം ചെയ്യേണ്ട സ്ഥാനത്ത് നാലുപേരാണ് വന്നതെന്ന് ഒരു കടയുടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.