​പനി​ഭീതി ബാധിച്ച്​​ പഴവിപണി തളർന്നു

സമൂർ നൈസാൻ കോഴിക്കോട്: റമദാനിൽ സജീവമായിരുന്ന പഴവിപണി നിപ വൈറസ് ഭീതിയിൽ തകർന്നതോടെ കച്ചവടക്കാർ ആശങ്കയിൽ. നിപ വൈറസ് റിപ്പോർട്ട് ചെയ്തതോടെ പഴക്കച്ചവടത്തിൽ മൂന്നു ദിവസത്തിനിടെ വൻ ഇടിവാണ് സംഭവിച്ചത്. കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന മാങ്ങയാണ് പനിഭീതി പടർന്നതോടെ ആളുകൾ പാടെ കൈവിട്ടത്. റമദാൻ മുന്നിൽക്കണ്ട് കൂടുതൽ പഴങ്ങൾ വാങ്ങി ശേഖരിച്ചവരെല്ലാം വെട്ടിലായി. വവ്വാലിൽനിന്ന് പഴങ്ങൾ വഴി വൈറസ് പടരുമെന്ന റിപ്പോർട്ടുകൾക്കു പുറമെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണങ്ങളും കച്ചവടത്തെ സാരമായി ബാധിച്ചെന്ന് പാളയത്തെ പഴക്കച്ചവടക്കാരനായ ബാബു പറഞ്ഞു. സംസ്ഥാനത്തെ പഴ വിപണിയുടെ പെെട്ടന്നുള്ള തകർച്ച കേരളത്തിലേക്ക് വൻതോതിൽ പഴങ്ങൾ കയറ്റിവിടുന്ന ഇതരസംസ്ഥാന വിപണിയേയും പ്രതിസന്ധിയിലാക്കിയെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ പഴങ്ങൾക്ക് കൊടുത്ത ഒാഡറുകളെല്ലാം മിക്ക മൊത്തക്കച്ചവടക്കാരും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ആവശ്യക്കാർ കുറഞ്ഞതോടെ പഴവിലയിലും ഇടിവുണ്ടായി. 20 മുതൽ 30 രൂപയോളമാണ് മാങ്ങയടക്കമുള്ളവക്ക് ഒറ്റയടിക്ക് വില താഴ്ന്നത്. മാങ്ങക്കു പുറമെ പപ്പായ, പേരക്ക തുടങ്ങിയ പഴങ്ങൾക്കും വില കുറഞ്ഞു തുടങ്ങി. കഴിഞ്ഞയാഴ്ച 50 രൂപയുണ്ടായിരുന്ന നാടൻ മാങ്ങ കിലോക്ക് 25 രൂപ നിരക്കിലാണ് ചൊവ്വാഴ്ച വിറ്റത്. ചെറുതും വലുതുമായി നൂറുകണക്കിന് പഴക്കടകളും അറുപതോളം മൊത്തക്കച്ചവടക്കാരുമാണ് പാളയം മാർക്കറ്റിലുള്ളത്. നഗരത്തിലെ മറ്റു വിപണികളായ മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരത്തും നടക്കാവിലുമെല്ലാം പഴക്കച്ചവടം കുറഞ്ഞതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, പക്ഷികളും മറ്റും കൊത്തിയ പഴങ്ങൾ ഉപയോഗിക്കരുതെന്നും മാർക്കറ്റിൽനിന്ന് വാങ്ങുന്ന പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കാനുമാണ് ആരോഗ്യ വിദഗ്ധരുടെയും ഡോക്ടർമാരുടെയും നിർദേശം. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ പഴങ്ങൾ വർജിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിപ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തിലെ പഴക്കടകളിലും ജ്യൂസ് കടകളിലും പരിശോധന നടത്തി. പരിശോധനക്കൊപ്പം കച്ചവടക്കാരെയും ജനങ്ങളെയും ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ പി.കെ. ഏലിയാമ്മ പറഞ്ഞു. ചീഞ്ഞളിഞ്ഞ പഴങ്ങൾ വില്‍ക്കരുതെന്നും ജ്യൂസടിക്കാൻ ഉപയോഗിക്കരുതെന്നും കച്ചവടക്കാർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.