നിപ പേടി: പേരാമ്പ്രയിലെ ആശുപത്രികളിൽ രോഗികളെത്തുന്നില്ല

പേരാമ്പ്ര: നിത്യേന ശരാശരി ആയിരത്തോളം രോഗികൾ എത്തിയിരുന്ന പേരാമ്പ്ര താലൂക്കാശുപത്രിയിലെ ഒ.പിയിൽ ചൊവ്വാഴ്ച ചികിത്സക്കെത്തിയത് 105 പേർ മാത്രം. അവിടെ ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും ഡിസ്ചാർജ് വാങ്ങിപ്പോയി. നിപ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രത്യേക വാർഡെല്ലാം ക്രമീകരിച്ചിട്ടുണ്ടെങ്കിലും ചികിത്സക്ക് ആരും എത്തിയിട്ടില്ല. പേരാമ്പ്ര സഹകരണ ആശുപത്രിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രോഗികൾ എത്താത്തതിനെ തുടർന്ന് എം.ഡിയും അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടറും ചൊവ്വാഴ്ച്ച ഉച്ചക്കുശേഷം അവധിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടാവേണ്ട ഡോക്ടർ പനിപ്പേടിയെ തുടർന്ന് എത്തിയില്ല. താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികൾക്കെല്ലാം മാസ്ക് കൊടുക്കുന്നുണ്ട്. ചെറിയ രോഗമാണെങ്കിൽ ഇങ്ങോട്ടു വരേണ്ടെന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം. താലൂക്കാശുപത്രിയിലെ നഴ്സും അവിടെ ചികിത്സക്കെത്തിയ യുവാവും മരിച്ച സാഹചര്യത്തിലാണ് ഭീതി വർധിച്ചത്. സഹകരണാശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവും മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. ആശുപത്രിയെ മാത്രമല്ല പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാരങ്ങളെയും നിപ പേടി മാന്ദ്യത്തിലാക്കി. താലൂക്കാശുപത്രി സ്ഥിതിചെയ്യുന്ന കല്ലോട് ഹർത്താലി​െൻറ പ്രതീതിയായിരുന്നു. പേരാമ്പ്ര ടൗണിൽ ആൾത്തിരക്ക് വളരെ കുറവായിരുന്നു. കച്ചവട സ്ഥാപനങ്ങളിലൊന്നും തിരക്കില്ല. ഹോട്ടലുകളിൽ ഉൾപ്പെടെ തിരക്ക് കുറവാണ്. സ്വകാര്യ ട്യൂഷൻ സ​െൻററുകൾക്ക് അവധി നൽകിയിട്ടുണ്ട്. വൈറസ് പേടി കാരണം ആളുകൾ വീടുകളിൽനിന്ന് ഇറങ്ങുന്നില്ല. പ്രമുഖ കടകളിലെ ജീവനക്കാരെല്ലാം മാസ്ക് ധരിച്ചാണ് ജോലിചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.