കുടിനീരു തേടുന്ന കിളികളുടെ കൂടെ

കോഴിക്കോട്: പ്രകൃതിയുടെ ഉള്ളുനോവുന്ന വേനൽവരൾച്ചയിൽ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീരു നൽകുന്നതും കിളികൾ ഒരു ചട്ടിയിൽ നിന്ന് വെള്ളം കുടിക്കുന്നതും കൊക്കുരുമ്മുന്നതും പഴക്കഷ്ണങ്ങൾ വായിലാക്കുന്നതും ശരീരം തണുപ്പിക്കുന്നതുമൊക്കെ ആരുടെയും മനം കുളിർപ്പിക്കുന്നതാണ്. അത്തരം കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് മുതിർന്ന ഫോട്ടോഗ്രാഫർ പി. മുസ്തഫ 'തേസ്റ്റി ബേഡ്സ്' പ്രദർശനത്തിലൂടെ. കല്ലായിപ്പുഴയും കനോലി കനാലും തമ്മിൽ ചേരുന്നിടത്തെ അദ്ദേഹത്തി​െൻറ വീട്ടിലെ അടുക്കളയിൽനിന്ന് പകർത്തിയ കാഴ്ചകളാണ് ആർട്ട്ഗാലറിയിൽ തുടങ്ങിയ പ്രദർശനത്തിലുള്ളത്. വീടിനുചുറ്റും ഒരുക്കിയ നാലു ചട്ടികളിൽ നാലുവർഷമായി വിരുന്നെത്തുന്ന കിളികളുടെ ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്. ഇതിൽ 20 വിഭാഗത്തിൽ പെട്ട പക്ഷികളുൾെപ്പടെ 42 ചിത്രങ്ങളുണ്ട്. ചെമ്പോത്തും കുളക്കോഴിയും മരംകൊത്തിയും കാവതിക്കാക്കയും നീർക്കാടയും വണ്ണാത്തിപുള്ളും മൈനയും കുയിലും മീൻകൊത്തി പൊൻമാനും കാട്ടുപുള്ളും ചക്കിപ്പരുന്തും കൃഷ്ണപ്പരുന്തും ഓലേഞ്ഞാലിക്കിളിയുമെല്ലാം വെള്ളം കുടിച്ചും സ്നേഹം പകർന്നും ദാഹം തീരുമ്പോൾ ഒരു കുളി പാസാക്കിയും ഫ്രെയിമുകളിൽ നിറയുന്നുണ്ട്. വെള്ളം മാത്രമല്ല, തണ്ണിമത്തൻ, വാഴപ്പഴം പോലുള്ള പഴങ്ങളും കിളികൾക്കായി അദ്ദേഹത്തി​െൻറ വീട്ടുപറമ്പിൽ കാത്തിരിപ്പുണ്ട്. തലകീഴായി നിൽക്കുന്ന മോതിരത്തത്ത തേൻ നുകരുന്നത് വാഴക്കൂമ്പിൽ നിന്നാണെങ്കിൽ വവ്വാലും ഓലേഞ്ഞാലിയുമെല്ലാം വിശപ്പടക്കുന്നത് വാഴപ്പഴത്തിൽനിന്നാണ്. ത​െൻറ ഭാര്യ പി.ലൈലയാണ് കിളികൾക്ക് വെള്ളം കൊടുക്കൽ തുടങ്ങിയതെങ്കിലും താനും അതിൽ പങ്കാളിയായെന്ന് പി. മുസ്തഫ പറയുന്നു. പ്രദർശനം പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി.െക. ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ഒന്നിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.