ജലസംരക്ഷണത്തിന്​ കുന്നുമ്മൽ പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന നീർത്തടമായ കുന്നുമ്മൽ തോട് ജനകീയമായി പുനരുജ്ജീവിപ്പിക്കാൻ കുന്നുമ്മൽ പഞ്ചായത്ത് തയാറെടുക്കുന്നു. 'ഹരിതകേരളം' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്ന 'സുജലം സുഫലം' പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ജലദിനമായ മാർച്ച് 22ന് തൊഴിലുറപ്പ് തൊഴിലാളികളും ബഹുജനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തോട് നവീകരണ പ്രവർത്തനങ്ങൾ നടത്തും. 11 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള കുന്നുമ്മൽ നീർത്തടത്തിൽ പഞ്ചായത്തിലെ ഏഴു വാർഡുകൾ ഉൾക്കൊള്ളുന്നതാണ്. വട്ടോളി ശിവക്ഷേത്ര കുളത്തിൽനിന്ന് ഉദ്ഭവിക്കുന്ന കുന്നുമ്മൽ തോട് നാലു കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. 37 ഏക്കർ വയലും 15 കുളങ്ങളും പത്തോളം കുടിവെള്ള പദ്ധതികളും കുന്നുമ്മൽ തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തോടിനെപ്പറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. വിജിലേഷ്, സി.പി. സജിത, കൃഷി ഓഫിസർ നിസ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയിരുന്നു. പല ഭാഗത്തും കൈത വളർന്നതിനാൽ ഒഴുക്ക് തടസ്സപ്പെടുകയും ചളിയും മണ്ണും പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതാവുന്ന അവസ്ഥ മനസ്സിലാക്കിയാണ് പഞ്ചായത്ത് ഭരണസമിതി തോട് പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. തോടി​െൻറ നേരിട്ടുള്ള ഉപഭോക്താക്കളുടെ യോഗം ചേർന്ന് ഒരു കിലോമീറ്റർ ഇടവിട്ട് മയ്യോട്ടു പാലം, കുറങ്ങോട്ട് പാലം, കുന്നുമ്മൽ പാലം, മാണിക്കോത്ത് പാലം എന്നീ നാലു ഗ്രൂപ്പുകൾക്ക് രൂപം നൽകി. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ സന്നദ്ധ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ജലദിനത്തിൽ കുന്നുമ്മൽ തോട് പുനരുജ്ജീവിപ്പിക്കും. സഹായികളായി പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, എക്സൈസ് എന്നീ ഡിപ്പാർട്മ​െൻറുകളും എത്തുമെന്ന് പ്രസിഡൻറ് കെ.ടി. രാജൻ, വൈസ് പ്രസിഡൻറ് രാധിക ചിറയിൽ, വി. വിജിലേഷ്, സി.പി. സജിത, റീന സുരേഷ്, വി.കെ. റീത്ത, മൊയ്തീൻ ഹാജി, കെ. വാസു, വി. രാജൻ, കൃഷി ഓഫിസർ നിസ ലത്തീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 22ന് ഒമ്പതിന് നാദാപുരം ഡിവൈ.എസ്.പി വി.കെ. രാജു കുളങ്ങരത്ത് വട്ടക്കാട്ട് പാലത്തിൽ ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.