എകരൂല്‍: അക്ഷരസ്നേഹികളും നാട്ടുകാരും കഴിഞ്ഞദിവസം പനയോലപ്പട്ടയും ഈന്തപ്പട്ടയുംകൊണ്ട് അലങ്കരിച്ച കപ്പുറം അങ്ങാടിയിലെ ഷെഡിൽ എത്തിയത് പുസ്തകക്കെട്ടുകളുമായി. പണ്ട് പണം സമാഹരിക്കാൻ കുറിപ്പയറ്റ് നടത്തിയതുപോലെ കപ്പുറം ദിശ വായനശാല പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പുസ്തകപ്പയറ്റിലേക്കാണ് അറിവിെൻറ അക്ഷയഖനിയായി പുസ്തകങ്ങൾ കൂമ്പാരമായത്. പണപ്പയറ്റിലേതുപോലെ എല്ലാവർക്കും ചായയും പലഹാരവും വിതരണം ചെയ്തു. അലങ്കരിച്ച പന്തലില്‍ പഴയ സിനിമ, മാപ്പിള ഗാനങ്ങളുടെ അകമ്പടികൂടിയായപ്പോൾ ഗൃഹാതുരത്വമുണർത്തുന്നതായി പുസ്തകപ്പയറ്റ്. എഴുത്തുകാരന്‍ പ്രഫ. അഹമ്മദ്കുട്ടി ശിവപുരം ഉദ്ഘാടനം ചെയ്തതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നാട്ടുകാർ പുസ്തകങ്ങളും പണവുമായെത്തി ചായകുടിച്ചും പാട്ടുപാടിയും കവിതചൊല്ലിയും പരിപാടിയില്‍ പങ്കുചേർന്നത് ഗ്രാമോത്സവത്തിെൻറ പ്രതീതിയുണർത്തി. 600ലധികം വൈവിധ്യമാർന്ന പുസ്തകങ്ങളും 25,000ത്തോളം രൂപയും ഒരു ചെറുഗ്രാമത്തിൽനിന്ന് സമാഹരിക്കാനായത് ഗൗരവമേറിയ വായനയെ അക്ഷരസ്നേഹികൾ ഇന്നും നെഞ്ചേറ്റുന്നു എന്ന് തെളിയിക്കുന്നതാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. എൻ.എം. ഖാസിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദലി, എം.എ. മദനി എകരൂൽ, അസീസ് ഇയ്യാട്, വാസു മഠത്തിൽ, വി. മുഹമ്മദ് മാസ്റ്റർ, ഷമീർ നദ്വി, ഷരീഫ് മാസ്റ്റർ, ടി.കെ. ബഷീർ തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ. നസീഫ് സ്വാഗതവും എം. നബീൽ നന്ദിയും പറഞ്ഞു. പി.കെ. ഷാഹിർ, സി.എം. വിദാദ്, എം.കെ. ജലീൽ, കെ. ഫാരിസ്, കെ.പി. ഹാഷിം, കെ. ഷാമിൽ, നസീഫ് ആരാമം, ടി. അബ്ദുല്ല എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.