നന്മണ്ട: പ്രായം മറന്നും അവർ നൈസർഗികമായ ഭാവാവിഷ്കരണംകൊണ്ട് സദസ്യരെ കൈയിലെടുത്തു. പടവ് സാംസ്കാരിക വേദി നന്മയുടെ 'മാനവീയം' 2018െൻറ ഭാഗമായി നടന്ന മുത്തശ്ശീ സംഗമത്തിൽ മുത്തശ്ശിമാർ അവതരിപ്പിച്ച കലാപരിപാടികളാണ് കാണികളെ ആഹ്ലാദചിത്തരാക്കിയത്. പഴയ തലമുറക്കാർ വയലേലകളിൽ കേട്ടിരുന്ന ഇൗണത്തിലും താളത്തിലുമുള്ള കൊയ്ത്തുപാട്ട് പുതുതലമുറക്ക് നവ്യാനുഭവമായി. വടക്കൻപാട്ടുകൾ, നാടൻപാട്ടുകൾ, ഒപ്പന ഇവയെല്ലാം മുത്തശ്ശിമാരിൽനിന്ന് പെയ്തിറങ്ങിയപ്പോൾ സദസ്യരുടെ ആവേശം വനോളമുയർന്നു. മുത്തശ്ശീ സംഗമം കവി രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. മാനവീയതയുടെ ഉൗടുംപാവും നെയ്തെടുക്കുന്നതിൽ മുത്തശ്ശിമാർ നൽകിയ സംഭാവന മഹത്വരമാണെന്ന് രമേശ് കാവിൽ പറഞ്ഞു. പ്രായം ഒരു പ്രശ്നമെല്ലന്നും നമ്മുടെ ഭരണാധികാരികൾതന്നെ പ്രായമുള്ളവരാണെന്നും അദ്ദേഹം മുത്തശ്ശിമാരെ ഒാർമിപ്പിച്ചു. 70 വയസ്സിനു മുകളിലുള്ള 32 പേരെ സംഘാടകർ ആദരിച്ചു. നന്മണ്ടയിൽ ആദ്യമായി നടന്ന മുത്തശ്ശീ സംഗമം വേറിട്ട അനുഭവമായി. ടി.കെ. നയനസുധ അധ്യക്ഷത വഹിച്ചു. എ. ശ്രീധരൻ മാസ്റ്റർ, ടി.കെ. ബാലൻ മാസ്റ്റർ, വി.കെ. നിത്യകല, ഡോ. കെ.പി. അനിൽകുമാർ, കെ. റഹ്മത്തുല്ല മാസ്റ്റർ, വിശ്വൻ നന്മണ്ട, മഹേഷ് കൂളിപ്പൊയിൽ, ടി.എം. മിനി, വസന്തകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.