സ്​റ്റാളുകൾ 12, പ്രവർത്തിക്കുന്നത് മൂന്ന്​ ആർക്കും ഉപകരിക്കാതെ നാദാപുരം മത്സ്യമാർക്കറ്റ്

നാദാപുരം: ടൗണിലെ ഗ്രാമപഞ്ചായത്ത് വക മത്സ്യമാർക്കറ്റ് ശോച്യാവസ്ഥയിൽ. ആർക്കും ഉപകരിക്കാത്ത നിലയിലാണ് മത്സ്യമാർക്കറ്റിലെ സ്റ്റാളുകൾ മിക്കതും. ശുചീകരണ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാൽ മലിനജലം മാർക്കറ്റ് കെട്ടിടത്തി​െൻറ പിറകു ഭാഗത്തേക്ക് ഒലിച്ചിറങ്ങുകയാണ്. ഇവിടെ പുഴുക്കളും കൊതുകുകളും നിറഞ്ഞിരിക്കുന്നു. മാർക്കറ്റിലെ ആകെയുള്ള 12 സ്റ്റാളുകളിൽ തുറന്നുപ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രം. അതേസമയം, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് എല്ലാ സ്റ്റാളുകളുടെയും വാടക ലഭിക്കുന്നുണ്ട് എന്നാണ് വിവരം. അതുകൊണ്ടുതന്നെ പ്രവർത്തിക്കാത്ത സ്റ്റാളുകളെക്കുറിച്ച് തങ്ങൾ അറിയേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്. മാർക്കറ്റി​െൻറ ശോച്യാവസ്ഥയെക്കുറിച്ചും സ്റ്റാളുകൾ അടച്ചിട്ടതിനെക്കുറിച്ചും മുമ്പ് ഗ്രാമപഞ്ചായത്ത് അംഗംതന്നെ പരാതി നൽകിയിട്ടും അധികൃതർ നടപടിയൊന്നും എടുത്തിരുന്നില്ല. ഒന്നോ രണ്ടോ കച്ചവടക്കാർ മാത്രമാണ് മാർക്കറ്റിലെ മീൻ വിൽപന നടത്തുന്നത്. മാർക്കറ്റി​െൻറ നിയന്ത്രണം മുഴുവൻ ഇവർക്കാണത്രെ. സമീപ പ്രദേശത്തെ മാർക്കറ്റുകളെ അപേക്ഷിച്ച് വിലയും ഗുണനിലവാരവും നല്ല അന്തരമുള്ളതിനാൽ ആളുകൾ മാർക്കറ്റിനെ ആശ്രയിക്കാറില്ല. ചുരുക്കം ആളുകളാണ് മാർക്കറ്റിൽ എത്തുന്നത്. മാർക്കറ്റിൽ സ്റ്റാൾ സംവിധാനം ഏർപ്പെടുത്തിയതോടെയാണ് വിൽപനക്കാരുടെ എണ്ണം കുറഞ്ഞത്. സ്റ്റാളുകൾ നേരത്തേതന്നെ പലരും കൈയടക്കിയതോടെ പുറമെനിന്നെത്തുന്ന കച്ചവടക്കാർക്ക് ഇടമില്ലാതെയാവുകയായിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലാച്ചി മത്സ്യ മാർക്കറ്റിൽ സ്റ്റാളുകൾക്ക് പകരം ഓരോ കച്ചവടക്കാർക്കും ഓരോ ബെർത്ത് നൽകുകയാണ്. അതിനാൽ, നിരവധി കച്ചവടക്കാർക്ക് ഒരേസമയം, വിൽപന നടത്താൻ കഴിയുന്നു. മാർക്കറ്റി​െൻറ ശോച്യാവസ്ഥക്കെതിരെ നാട്ടുകാർ സംഘടിത പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.