വിദ്യാർഥികളെ ഉപയോഗിച്ച് മദ്യക്കടത്ത്: ചെമ്പുകടവ് ഗവ. യു.പി സ്​കൂൾ അധ്യാപകർക്കെതിരെ രക്ഷിതാക്കൾ

വിദ്യാർഥികളെ ഉപയോഗിച്ച് മദ്യക്കടത്ത്: ചെമ്പുകടവ് ഗവ. യു.പി സ്കൂൾ അധ്യാപകർക്കെതിരെ രക്ഷിതാക്കൾ കോടഞ്ചേരി: ഒരു ദിവസത്തെ പഠനയാത്രക്ക് കണ്ണൂർ വിസ്മയ പാർക്കിലേക്ക് കൊണ്ടുപോയ വിദ്യാർഥികളെ ഉപയോഗിച്ച് മാഹിയിൽനിന്ന് മദ്യം കടത്താൻ ശ്രമിച്ച അധ്യാപകർക്കെതിരെ രക്ഷിതാക്കളുടെ രോഷം അണപൊട്ടിയൊഴുകി. ചെമ്പുകടവ് ഗവ. യു.പി സ്കൂൾ വിദ്യാർഥികളെയാണ് അധ്യാപകർ ഹീനമായ പ്രവൃത്തിക്ക് വിധേയമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് യാത്ര പുറപ്പെട്ടത്. പി.ടി.എ പ്രസിഡൻറ് ഷൈമോൻ ജോസഫ്, മൂന്ന് അധ്യാപകർ, നാല് അധ്യാപികമാർ, ഒരു ഓഫിസ് അറ്റൻഡർ എന്നിവരാണ് കുട്ടികളോടൊപ്പമുണ്ടായിരുന്നത്. മടക്കയാത്രയിൽ മാഹിയിൽ ബസ് നിർത്തി പി.ടി.എ പ്രസിഡൻറ് ഷൈമോൻ ജോസഫ്, അധ്യാപകരായ ജി. ഹരിപ്രസാദ്, പി.ടി. നിതിൻ, ഓഫിസ് അറ്റൻഡർ വി.പി. കരുണൻ എന്നിവർ ബസിൽനിന്നിറങ്ങി പുറത്തുപോകുകയും അര മണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തുകയുമായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു. ബസ് അഴിയൂർ ചെക്പോസ്റ്റിലെത്തിയപ്പോൾ എക്സൈസ് അധികൃതർ പരിശോധന നടത്തി. നാലാം ക്ലാസ് വിദ്യാർഥിനിയുടെ ബാഗിൽനിന്നടക്കം ഏഴ് മദ്യക്കുപ്പികൾ പിടികൂടി. വൻ സമ്മർദത്തി​െൻറ ഫലമായി കേസില്ലാതെ തലയൂരിപ്പോരുകയായിരുന്നു. രാത്രി എട്ടു മണിയോടെ തിരിച്ചെത്തേണ്ട കുട്ടികൾ രാത്രി വൈകി 12 മണിയോടെയാണ് എത്തിയത്. വീട്ടലെത്തിയ കുട്ടികളിൽനിന്നാണ് മദ്യം കടത്തിയതും പിടികൂടിയതുമായ സംഭവം രക്ഷിതാക്കൾ അറിയുന്നത്. ജീരകപ്പാറക്കാരിയായ അഞ്ചാംക്ലാസ് വിദ്യാർഥിനിയുടെ ഭാഗിൽനിന്നും അര ലിറ്ററി​െൻറ പോണ്ടിച്ചേരി നിർമിത വിദേശ മദ്യം ബാഗ് വൃത്തിയാക്കുന്നതിനിടയിൽ രക്ഷിതാക്കൾ കണ്ടെത്തുകയും ചെയ്തു. രോഷാകുലരായ രക്ഷിതാക്കൾ രാവിലെതന്നെ സ്കൂൾ ഗെയിറ്റിൽ സമരം ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളിൽനിന്ന് മൊഴിയെടുത്തെങ്കിലും വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ ആവശ്യപ്പെട്ടതനുസരിച്ച് താമരശ്ശേരി എ.ഇ.ഒ സ്കൂളിലെത്തി അന്വേഷണം നടത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. വൈകുന്നേരം വരെ രക്ഷിതാക്കൾ സമരം തുടർന്നു. കുട്ടികളുടെ രക്ഷിതാക്കൾ ബാലാവകാശ കമീഷന് പരാതി നൽകി. അധ്യാപകരായ ജി.എസ്. ഹരിപ്രസാദ്, പി.ടി. നിതിൻ, അറ്റൻഡർ വി.പി. കരുണൻ എന്നിവരെ മൂന്നു ദിവസത്തെ നിർബന്ധിത അവധിയെടുപ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.