സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്​ സപ്ലൈകോയിൽ എത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി

കൊയിലാണ്ടി: സ്കൂളുകളിൽ വിദ്യാർഥികളുടെ ഉച്ചഭക്ഷണ ആവശ്യത്തിന് സപ്ലൈകോയിൽ എത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തിക്കോടി എഫ്.സി.ഐ ഗോഡൗണിൽനിന്ന് 50 ലോഡ് അരിയാണ് താലൂക്കിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിനായി അനുവദിച്ചത്. ഇതിൽ 16 ലോഡ് സെപ്ലെകോ ഡിപ്പോയിൽ ഇറക്കിയിരുന്നു. പിന്നീടുവന്ന നാല് ലോഡുകളിൽ മൂന്നാമത്തേത് ഇറക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥൻ ഗുണനിലവാര പരിശോധനക്കു വിധേയമാക്കിയപ്പോഴാണ് ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലായത്. ഇതോടെ ഈ അരി സ്വീകരിക്കാൻ സപ്ലൈകോ തയാറായില്ല. സ്ഥലത്തെത്തിയ രാഷ്ട്രീയ പാർട്ടിക്കാരും നാട്ടുകാരും അരി ഇറക്കാൻ അനുവദിച്ചുമില്ല. ഭക്ഷ്യയോഗ്യമല്ലാത്ത അരി പപ്പോഴും ലോഡുകളിൽ ഉൾപ്പെടുത്താറുണ്ട്. എഫ്.സി.ഐ ഗോഡൗണിൽ പരാതിപ്പെട്ടാൽ തിരിച്ചെടുക്കാറില്ലത്രെ. ഗോഡൗണിൽനിന്നു പുറത്തുകടന്നാൽ തിരിച്ചെടുക്കാനാവില്ല എന്ന നിലപാടാണ് എഫ്.സി.ഐക്കാർക്ക്. എന്നാൽ, ലോഡ് മുഴുവൻ മോശം അരി എത്തിച്ചതിനാലാണ് പൊതുവിഷയമായി മാറിയത്. നല്ല അരി അയക്കുന്നതായാണ് രേഖപ്പെടുത്തുക. എന്നാൽ സപ്ലൈകോയിൽ പലപ്പോഴും എത്തുക മോശം അരിയായിരിക്കും. താലൂക്കിലെ റേഷൻകടകളിലും ഇങ്ങനെ മോശം അരി വിതരണത്തിന് എത്താറുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ സപ്ലൈസ് ജനറൽ മാനേജരോട് ആവശ്യപ്പെട്ടതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. മോശം അരി തിരിച്ചയക്കാൻ കലക്ടറും നിർദേശം നൽകി. കെ. ദാസൻ എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ യു. രാജീവൻ, ഇ.കെ. അജിത്, കെ.ടി.എം. കോയ, രാജേഷ് കീഴരിയൂർ, പി.കെ. സുധാകരൻ, എഫ്.സി.ഐ ക്വാളിറ്റി കൺട്രോളർ മാനേജർ മഹേഷ് കുമാർ, ക്വാളിറ്റി കൺട്രോളർ വിജീഷ്, ടി.എസ്.ഒ. റഷീദ് മുത്തുക്കണ്ടി, സപ്ലൈകോ ഡിപ്പോ മാനേജർ അനിൽകുമാർ, അസി. മാനേജർ എൻ.കെ. ശ്രീജ എന്നിവർ സ്ഥലത്തെത്തി. ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണത്തിന് എത്തിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ.അജിത് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.