സ്‌കൂൾ കലാമേള: മാപ്പിള കല വിധികർത്താക്കളുടെ നിയമനത്തിന്​ നിയന്ത്രണം വരുന്നു

നാദാപുരം: സ്‌കൂൾ കലാമേളകളിൽ മാപ്പിള കലകളുടെ വിധിനിർണയത്തിന് വിധികർത്താക്കളുടെ നിയമനത്തിന് നിയന്ത്രണം വരുന്നു. ഇതുസംബന്ധമായി കേരള സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കല അക്കാദമി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പഠിച്ച്‌ സർക്കാർ ഉത്തരവ് വരുന്ന മുറക്ക് അടുത്ത അധ്യയന വർഷത്തെ കലാമേളക്ക് മാപ്പിള കലകളുടെ വിധിനിർണയത്തി​െൻറ അലകും പിടിയും മാറിയേക്കും. പ്രത്യേക മാനദണ്ഡങ്ങളോ യോഗ്യതകളോ ഇല്ലാത്തവർ മാപ്പിള കലകളുടെ വിധിനിർണയത്തിന് വിധികർത്താക്കളായെത്തുന്നത് തടയുകയാണ് ലക്ഷ്യം. ഉപജില്ലതലം മുതൽ സംസ്ഥാന കലാമേളകളിൽവരെ വിധിനിർണയം നടത്തുന്നവരിൽ പലരും യോഗ്യതയില്ലാത്ത ആളുകളായതിനാൽ കലകളുടെ തനിമ ചോർന്നുപോകുന്നതായി വ്യാപക ആക്ഷേപത്തിനിടയാക്കിയിരുന്നു. ഒപ്പന, കോൽക്കളി, അറവനമുട്ട്, മാപ്പിളപ്പാട്ട് ആലാപനം തുടങ്ങിയ ഇനങ്ങളിലെ വിധിനിർണയത്തെക്കുറിച്ചാണ് പലപ്പോഴും പരാതി ഉയരാറ്‌. ഈ സാഹചര്യത്തിലാണ് മാപ്പിളകല അക്കാദമി സ്വമേധയാ ഇടപെടുകയും പഠനറിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കുകയും ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി റസാഖ് പയമ്പറോട്ട് അറിയിച്ചു. നൃത്ത ഇനങ്ങളുൾപ്പെടെയുള്ള മറ്റു കലകൾ വിധിനിർണയത്തിന് കലാമണ്ഡലത്തിൽനിന്ന ഉൾപ്പെടെയുള്ള വിദഗ്ധർ എത്തുമ്പോൾ മാപ്പിള കലകൾക്കുമാത്രം ആർക്കും കയറിക്കളിക്കാവുന്ന അവസ്ഥ മാറേണ്ടതുെണ്ടന്നാണ് അക്കാദമിയുടെ നിലപാട്. ഈ രംഗത്ത് പുതിയ പ്രതിഭകളെ വളർത്തിക്കൊണ്ടുവരാൻ മാപ്പിളകല അക്കാദമി വിവിധ കോഴ്‌സുകൾ വ്യവസ്ഥാപിതമായി നടത്തുന്നുണ്ട്. അക്കാദമിക കീഴിൽ സംസ്ഥാനത്തെ ആദ്യ ഉപകേന്ദ്രം നാദാപുരത്ത് മന്ത്രി എ.കെ. ബാലൻ കഴിഞ്ഞ മാസം ഉദ്‌ഘാടനം ചെയ്തു. നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാപ്പിളപാട്ട് പഠനത്തിന് ഇവിടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.