കരിഞ്ചോല ദുരന്തം: അടിയന്തര സർവകക്ഷി യോഗം വിളിക്കണം -യു.ഡി.എഫ്​

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്താനും പുനരധിവാസത്തിനുമായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര സർവകക്ഷി യോഗം വിളിക്കണമെന്ന് യു.ഡി.എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കൈമാറുകയും പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യാത്തത് പ്രതിഷേധാര്‍ഹമാെണന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരുടെ പുനരധിവാസംപോലും ഉറപ്പാക്കാതെ അനുമോദന യോഗം സംഘടിപ്പിച്ച പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ശ്രമിക്കുകയായിരുന്നു. 14പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും അനുശോചന യോഗം പോലും ചേരാതെ അനുമോദനം നടത്താന്‍ ശ്രമിച്ചതിനു പിന്നില്‍ പഞ്ചായത്ത് ഭരണസമിതിക്ക് വ്യക്തമായ രാഷ്ട്രീയ താല്‍പര്യമുണ്ട്. കരിഞ്ചോലമല ഉള്‍പ്പെടെ കട്ടിപ്പാറ പഞ്ചായത്തിലെ മറ്റിടങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ദുരന്തത്തിനിരയായവര്‍ക്ക് ചൊവ്വാഴ്ച രാവിലെവരെ നഷ്ടപരിഹാരം കൈമാറിയിട്ടില്ല. വ്യക്തമായ കണക്കെടുപ്പും നടന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ഏകോപനം നടത്തേണ്ടിയിരുന്ന റവന്യൂ വകുപ്പിനും പഞ്ചായത്തിനും വീഴ്ചയുണ്ടായിട്ടുണ്ട്. ദുരന്തത്തിനുശേഷം നിരവധി വ്യക്തികളും സ്ഥാപനങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കൃത്യമായ ഏകോപനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാക്കിട്ടില്ല. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട കമ്മിറ്റി ഒരിക്കല്‍േപ്പാലും യോഗം ചേരാതിരുന്നത് ദുരൂഹമാണ്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കിൽ ഇരകളെ മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ഇവർ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ നജീബ് കാന്തപുരം, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ.എം. കുഞ്ഞി, അനില്‍ ജോര്‍ജ്, സലീം പുല്ലടി, എ.ടി. ഹാരിസ്, മുഹമ്മദ് ഷാഹിം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.