പേരാമ്പ്ര കോടതിയിൽ മജിസ്ട്രേറ്റുമാരില്ല: നിപ ഭീതിയിൽ കഴിയുന്ന ജീവനക്കാർക്ക് ആശ്വാസം പേരാമ്പ്ര: പേരാമ്പ്രയിലെ മൂന്ന് കോടതികളിൽ ഒരു മാസമായി മജിസ്ട്രേറ്റുമാരില്ലാത്തത് നിപ ഭീതിയിൽ കഴിയുന്ന കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും ആശ്വാസമായി. രണ്ട് മജിസ്ട്രേറ്റുമാർ വേണ്ട പേരാമ്പ്ര കോടതിയിൽ നിലവിൽ ഒരാൾപോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. രണ്ട് മജിസ്ട്രേറ്റ് കോടതികളും ഒരു സിവിൽ കോടതിയുമുള്ള ഇവിടെ ഒരാൾ പ്രസവാവധിയിലും പുതുതായി ചാർജെടുത്തയാൾ ട്രെയിനിങ്ങിനും പോയതോടെയാണ് മജിസ്ട്രേറ്റുമാരില്ലാതായത്. ഇതോടെ അന്തിമഘട്ടത്തിലെത്തിയ കേസുകളുടേതുൾപ്പെടെ വിചാരണ നീളുകയാണ്. പേരാമ്പ്രയിൽ സിവിൽ കോടതി മുൻസിഫിനു തന്നെയായിരുന്നു മജിസ്ട്രേറ്റ് കോടതി ഒന്നിെൻറ ചുമതലയും ഉണ്ടായിരുന്നത്. ഇവർ ഏപ്രിൽ മുതൽ പ്രസവാവധിയിലാണ്. കഴിഞ്ഞ മേയ് മുതൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടിലെ മജിസ്ട്രേറ്റ് സ്ഥലംമാറി പോയതോടെ തസ്തിക ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പുതുതായി ഓഫിസർ ചാർജെടുത്തെങ്കിലും അദ്ദേഹം പരിശീലനത്തിനാണ്. പേരാമ്പ്ര, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ മജിസ്ട്രേറ്റ് ഒന്നാം കോടതിയിലും അത്തോളി, ബാലുശ്ശേരി, പെരുവണ്ണാമൂഴി സ്റ്റേഷനുകളിലേത് രണ്ടാം മജിസ്ട്രേറ്റ് കോടതിയിലുമാണ് പരിഗണിച്ചിരുന്നത്. കൂടാതെ ബാലുശ്ശേരി, പേരാമ്പ്ര എക്സൈസ് കേസുകളും പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചിലെ കേസുകളും പേരാമ്പ്ര കോടതിയുടെ പരിധിയിലാണ്. ഒന്നാം കോടതി മജിസ്ട്രേറ്റ് അവധിയിൽ പോകുന്നതുവരെ അവരാണ് രണ്ടാം കോടതിയുടെ അധികചുമതലയും വഹിച്ചത്. പേരാമ്പ്ര കോടതിയിൽ മജിസ്ട്രേറ്റ് ഇല്ലാത്തതു കൊണ്ട് പയ്യോളി കോടതിയിലെ മജിസ്ട്രേറ്റിനാണ് ചുമതല. ഇവർക്ക് ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം ചാർജ് പേരാമ്പ്രയിൽ കൊടുത്തിട്ടുണ്ട്. മറ്റ് ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുള്ളവ ഉണ്ടാവുമ്പോൾ പ്രതികളേയും കൊണ്ട് പയ്യോളി കോടതിയിലേക്ക് പോകണം. പയ്യോളി ജുഡീഷ്യൽ ഓഫിസറും ലീവായാൽ നാദാപുരത്തോ കൊയിലാണ്ടിയോ കൊണ്ടുപോേകണ്ട സ്ഥിതിയാണ്. മജിസ്ട്രേറ്റ് ഇല്ലാത്തതു കാരണം പേരാമ്പ്ര കോടതിയിലെ വക്കീൽമാർക്കും അവരുടെ ക്ലാർക്ക്മാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ജോലി ഇല്ലാത്ത അവസ്ഥയാണെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.