നിപ മരണം: കേന്ദ്രസംഘം കാരശ്ശേരിയിൽ

കോഴിക്കോട്: നിപ ബാധയെത്തുടർന്ന് കാരശ്ശേരിയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ഭീതിയകറ്റാൻ വ്യാഴാഴ്ച കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര മെഡിക്കൽ സംഘം സന്ദർശിച്ചു. നാഷനൽ സ​െൻറർ ഫോർ ഡിസീസ് കൺട്രോളിലെ (എൻ.സി.ഡി.സി) ശാസ്ത്രജ്ഞരായ ഡോ. സംഗേത് കുൽക്കർണി, ഡോ. ആർ. രാജേന്ദ്രൻ, ഡോ. അമിത്ത് എന്നിവരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്തെത്തിയത്. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഘം അറിയിച്ചു. ചെറുവാടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സുഗതകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, അസി. ഹെൽത്ത് ഇൻസ്പെക്ടർ റോയി മാത്യു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, അംഗങ്ങളായ താജുന്നീസ, കബീർ കണിയാത്ത്, കെ.ടി. ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാട്ടുമുറിയിലെയും പ്രദേശത്തെയും 100ഒാളം വീടുകൾ സന്ദർശിക്കുകയും ബോധവത്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. സ്ഥിതി വിലയിരുത്താൻ വ്യാഴാഴ്ച വൈകീട്ട് കൊടിയത്തൂർ പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം ചേർന്നു. വെള്ളിയാഴ്ച നാല് സ്ക്വാഡുകളായിത്തിരിഞ്ഞ് രണ്ട് കി.മീറ്റർ ചുറ്റളവിലുള്ള വീടുകളിലെത്തി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ആശങ്കയകറ്റാൻ ശ്രമിക്കും. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച 2.30ന് പഞ്ചായത്ത് ഒാഫിസിൽ സർവകക്ഷി യോഗം ചേരും. ശുചിത്വം കണിശമായി പുലർത്തണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.