എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 30 താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും കോടഞ്ചേരി: ആറാമത് മലബാര്‍ റിവർ ഫെസ്റ്റിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനും ബുധനാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് ചക്കിട്ടപാറ മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന ചടങ്ങില്‍ താരങ്ങള്‍ക്ക് തുഴ കൈമാറി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ജില്ല കലക്ടര്‍ യു.വി. ജോസ്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വൈസ് പ്രസിഡൻറ് കെ. സുനില്‍കുമാർ, ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവര്‍ സംബന്ധിക്കും. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 30 താരങ്ങള്‍ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങളില്‍ പങ്കെടുക്കും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളില്‍ 18 മുതല്‍ 22 വരെയാണ് മലബാര്‍ റിവർ ഫെസ്റ്റിലെ മത്സരങ്ങള്‍. അഞ്ചു ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് ടീമുകള്‍ പങ്കെടുക്കും. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും റാമ്പ് നിർമാണം പുരോഗമിക്കുകയാണ്. മീന്‍തുള്ളിപ്പാറയടക്കം മൂന്നു കേന്ദ്രങ്ങളിലും പവിലിയനുകളുടെ നിർമാണം പൂര്‍ത്തിയായി. പുഴകളില്‍ മത്സരത്തിനാവശ്യമായ ട്രാക്കുകളും സ്ഥാപിച്ചു. ചാമ്പ്യന്‍ഷിപ്പിെൻറ ഉദ്ഘാടനം 19ന് വൈകീട്ട് അഞ്ചിന് പുലിക്കയത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിക്കും. ജോര്‍ജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനവും സമ്മാന വിതരണവും 22ന് വൈകീട്ട് അഞ്ചിന് പുല്ലൂരാംപാറയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സംഘാടകർ. മത്സരത്തില്‍ 15 ലക്ഷം രൂപയാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. ഫെസ്റ്റിെൻറ ഭാഗമായി ആഗസ്റ്റ് 12 വരെ വിവിധ ദിവസങ്ങളിലായി മൗണ്ടന്‍ ടെറൈന്‍ ബൈക്കിങ്, ഓഫ് റോഡ് ചാമ്പ്യന്‍ഷിപ് തുടങ്ങിയ സാഹസിക വിനോദ പരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.