കോഴിക്കോട്: കാലവർഷം കനത്തതോടെ പകർച്ചവ്യാധികൾ പെരുകുന്നത് കണക്കിലെടുത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ജില്ല ഭരണകൂടം പരിശോധന കർശനമാക്കി. വിവിധ സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്തിയശേഷം േഗ്രഡിങ് നൽകുകയാണ് ചെയ്യുന്നത്. അംഗീകൃത കെട്ടിട നമ്പർ, കിടപ്പുമുറികൾ, 10 പേർക്ക് ഒന്ന് എന്ന നിലയിൽ കക്കൂസ് സംവിധാനം, മറയോടുകൂടിയ കുളിമുറികൾ, പ്രത്യേക അടുക്കള, ഖരമാലിന്യ സംസ്കരണം, കുടിവെള്ള സംവിധാനം, പൊതുശുചിത്വം തുടങ്ങിയ എട്ട് മാനദണ്ഡങ്ങളാണുള്ളത്. ഇതിൽ 10ൽ താഴെ േഗ്രഡ് ലഭിക്കുന്ന താമസസ്ഥലങ്ങളിൽ നോട്ടീസ് നൽകിയശേഷം 30 ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തും. ജില്ല ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഗരിമ പദ്ധതിയിലൂടെ വാക്സിനേഷൻ, മരുന്ന് വിതരണം, ഹെൽത്ത് കാർഡ് വിതരണം ആരോഗ്യ സ്ക്രീനിങ് ക്യാമ്പുകൾ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും നടത്തും. ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകൾ, പൊലീസ്-എക്സൈസ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ നാഷനൽ ഹെൽത്ത് മിഷനാണ് ഗരിമ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത താമസയിടങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, തദ്ദേശസ്ഥാപനങ്ങളെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും അറിയിക്കണമെന്ന് കലക്ടർ യു.വി. ജോസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.