ഈങ്ങാപ്പുഴ: തകർന്ന ചുരം എന്ന് ഗതാഗത യോഗ്യമാവുമെന്നറിയാതെ നട്ടംതിരിയുകയാണ് യാത്രക്കാർ. താമരശ്ശേരി ചുരം ഒന്നാം വളവിനടുത്ത് ചിപ്പിലിത്തോട്ടിൽ റോഡ് തകർന്നിട്ട് മാസം കഴിഞ്ഞിട്ടും പുനർനിർമാണം ആരംഭിച്ചിട്ടില്ല. 272 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 766ൽ (കോഴിക്കോട്-ബംഗളൂരു-കൊല്ലഗൽ) 13 കിലോമീറ്ററാണ് താമരശ്ശേരി ചുരത്തിെൻറ ദൈർഘ്യം. ഇതിൽ സുമാർ 200 മീറ്റർ റോഡാണ് മണ്ണിടിഞ്ഞ് തകർന്നത്. ഇത് നന്നാക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഒരാഴ്ചയോളം ചെറിയ വാഹനങ്ങൾ കടത്തിവിട്ടും യാത്രബസുകൾ വയനാട്ടിൽനിന്നും കോഴിക്കോട്ടുനിന്നും ചിപ്പിലിത്തോട് വരെ ഷട്ടിൽ സർവിസ് നടത്തിയുമാണ് താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. ടൂറിസ്റ്റ് ബസുകൾക്കും ചരക്കുലോറികൾക്കും നിരോധനം തുടരുകയാണ്. കോരിച്ചൊരിയുന്ന മഴയത്ത് വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഷട്ടിൽ സർവിസ് വഴി ചിപ്പിലിത്തോട്ടിലെത്തി മാറിക്കയറുന്നത് ഏറെ ബുദ്ധിമുട്ട് സഹിച്ചാണ്. പൊതുമരാമത്ത് മന്ത്രിയടക്കം നാലു മന്ത്രിമാരും പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറും സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് പ്രഖ്യാപനവുമുണ്ടായി. ഇതോടെ പ്രതീക്ഷയിലായിരുന്നു പൊതുജനം. വനംവകുപ്പ് താൽക്കാലികമായി വിട്ടുനൽകിയ സ്ഥലത്ത് സുമാർ 100 മീറ്ററോളം ദൈർഘ്യത്തിൽ റോഡ് നിർമിച്ചു. ബസുകൾ അടക്കമുള്ള യാത്രവാഹനങ്ങൾ ഇതുവഴി കടത്തിവിട്ടു. ഇടിഞ്ഞ ഭാഗത്ത് ബോറിങ് നടത്തി 23 മീറ്റർ ആഴത്തിൽ ഉറപ്പുള്ള പാറ കണ്ടെത്തുകയും ചെയ്തു. രണ്ടാഴ്ചകൊണ്ട് ഈ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചെങ്കിലും പിന്നീടുള്ള നടപടികളാണ് ഒച്ചിഴയുന്നവിധം നീളുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ ഡിസൈനിങ് വിഭാഗം പ്രവൃത്തിയുടെ രൂപരേഖ തയാറാക്കിനൽകാത്തതിനാലാണ് പ്രവൃത്തി വൈകുന്നത്. ചുരത്തിലുണ്ടായ ഗതാഗതനിയന്ത്രണത്തിെൻറ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് വയനാട്ടുകാരാണ്. കർഷകരുടെ ഉൽപന്നങ്ങൾ കോഴിക്കോട് മാർക്കറ്റിലെത്തിക്കാൻ കഴിയുന്നില്ല. മൺസൂൺ ടൂറിസത്തിെൻറ ഭാഗമായി വയനാട്ടിലേക്കുള്ള വിദേശികളടക്കമുള്ള സഞ്ചാരികളുടെ വരവും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.