ചെങ്ങോടുമല ഖനനം വേണ്ടെന്ന് ഊരുകൂട്ടവും

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനവും ക്രഷറും വേണ്ടെന്ന പ്രമേയം ചെങ്ങോടുമല കോളനി ഊരുകൂട്ടം അംഗീകരിച്ചു. ഊരുമൂപ്പൻ പി.സി. കുഞ്ഞിരാമൻ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ചെങ്ങോടുമലയിലും പരിസര പ്രദേശങ്ങളിലുമായി ആദിവാസി വിഭാഗത്തിൽപ്പെട്ട 150തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്തിയാൽ ഇവരുടെ ജീവിതം ദുരിതപൂർവമാവുമെന്ന് പ്രമേയത്തിൽ പറയുന്നു. ഊരിലെ മുഴുവൻ കുടുംബങ്ങളും കൃഷിയും അനുബന്ധ തൊഴിലും ചെയ്താണ് ജീവിക്കുന്നത്. ക്വാറി യാഥാർഥ്യമായാൽ ഈ ജീവിതമാർഗം ഇല്ലാതാവും. ഇവരുടെ ജീവിതവുമായി ഇഴപിരിയാതെ നിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ മലയെ ചുറ്റിപ്പറ്റിയുള്ളതാണ്. കൂടാതെ, ഇവർ ആരാധന നടത്തുന്ന കാവുകളും ചെങ്ങോടുമലയുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഹമീദ്, സെക്രട്ടറി കെ. രാജീവൻ, അസി. സെക്രട്ടറി വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്, എസ്.ടി പ്രമോട്ടർ നിഷ ബിനീഷ്, ഷീജ പൊന്നാമ്പത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.