നടുവണ്ണൂർ: പാടത്തും പറമ്പിലും ഒരു കാലത്തെ നിറക്കാഴ്ചയായിരുന്നു തലക്കുട. കോരിച്ചെരിയുന്ന മഴയത്ത് തലക്കുട വെച്ച് പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകത്തൊഴിലാളികളുടെ കാഴ്ച പക്ഷേ, ഇന്ന് അപൂർവമാണ്. ശീലക്കുടകൾ വരുന്നതിന് മുമ്പ് ഗ്രാമച്ചന്തകളിലും അങ്ങാടികളിലും തലക്കുടകളായിരുന്നു ഫാഷൻ. പനയോലകൊണ്ട് വളരെ സർഗാത്മകമായി നിർമിക്കുന്ന തലക്കുടകൾക്ക് അക്കാലത്ത് വൻ ഡിമാൻഡുമായിരുന്നു. ആളുകളുടെ ആവശ്യത്തിനനുസരിച്ച് തലക്കുടകളുടെ വലുപ്പം കുറഞ്ഞും കൂടിയുമിരുന്നു. അങ്ങനെ സ്കൂൾ കുട്ടികൾക്കുള്ള കുഞ്ഞിക്കുട മുതൽ പാടത്ത് ഞാറ് നടുമ്പോൾ സ്ത്രീ തൊഴിലാളികൾ വെക്കുന്ന പെൺകുട വരെ അന്ന് ഗ്രാമീണ ചന്തകളിൽ വലിയ വിലക്ക് വിറ്റു. ഇന്ന് ത്രീഫോൾഡുകളും ഫോർ ഫോൾഡുകളുമുള്ള വൻകിട കുടക്കമ്പനികൾ മാർക്കറ്റ് കീഴടക്കുമ്പോൾ പാരമ്പര്യത്തിെൻറ സൗന്ദര്യം ചോർന്നുപോകാതെ തലക്കുട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നൊച്ചാട് പഞ്ചായത്തിലെ 53കാരനായ കേളോത്ത് ബാലകൃഷ്ണ പണിക്കർ. തലക്കുട അന്വേഷിച്ച് ഇവിടെയെത്തുന്നവരും ധാരാളം. മൂന്നുദിവസമെടുക്കും ഒരു തലക്കുട ഉണ്ടാക്കാൻ. പനയോലയും ഓടയുമാണ് പ്രധാന നിർമാണ വസ്തുക്കൾ. 500 രൂപക്കാണ് ഒരു തലക്കുട വിൽക്കുന്നത്. അധ്വാനവും നിർമാണവസ്തുക്കളുടെ ചെലവും നോക്കിയാൽ ഈ വില വളരെ ചെറുതാണ്. പ്രശസ്തമായ കൊട്ടിയൂർ ഉത്സവത്തിലേക്കുള്ള വലിയ തലക്കുട നിർമിക്കുന്നതും ബാലകൃഷ്ണ പണിക്കരാണ്. എട്ടടി നീളവും എട്ടടി വീതിയിലുമാണ് വിശേഷപ്പെട്ട ഈ കുട നിർമിക്കുന്നത്. സഹായിയായി ഗോപാല പണിക്കരുമെത്തും. സവിൻ, നിധിനുമാണ് രണ്ട് മക്കൾ. എല്ലാ പിന്തുണയും നൽകി സഹധർമിണി ശാന്തയും പണിക്കരുടെ ഈ സർഗയാത്രയിൽ കൂടെയുണ്ട്. വൃക്ഷത്തൈകൾ നട്ടു നടുവണ്ണൂർ: മന്ദങ്കാവ് എ.എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബിെൻറയും ഫ്രൻഡ്സ് കലാസാംസ്കാരിക വേദി ആൻഡ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മന്ദങ്കാവ് കേരഫെഡ് റോഡിെൻറ വശങ്ങളിൽ വൃക്ഷെത്തെകൾ വെച്ചുപിടിപ്പിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സി.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. എ.എം. ഗംഗാധരൻ, സുജിത ചാലിൽ, സി.പി. പ്രബീഷ് എന്നിവർ സംസാരിച്ചു. പി.എസ്. മഞ്ജുഷ സ്വാഗതവും പി.എം.കെ. സിന്ധു നന്ദിയും പറഞ്ഞു. ബി.ടി. സുധീഷ് കുമാർ, സി.പി. ബബീഷ്, റിനീഷ് കാപ്പുമ്മൽ, വർഗീസ് രാജു, എം.എം. ദിലേഷ്, ധന്യ ഷൈജു, വി.പി. നിധിൻ, ബെൽജിത്ത്, എ.എസ്. രാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.