പേരാമ്പ്ര: പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണം തുടങ്ങി. ജി.എസ്.ടി കുരുക്കില്‍പ്പെട്ട് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം ടെന്‍ഡര്‍ റദ്ദാക്കിയതായിരുന്നു. 2021 മേയ് അഞ്ചിനകം പണി പൂര്‍ത്തീകരിക്കണമെന്നതാണ് കരാറിലെ വ്യവസ്ഥ. ഡാമിലെ റിസര്‍വോയറില്‍നിന്നു വെള്ളമെത്തിക്കാനുള്ള ടണലിെൻറ പ്രവൃത്തികളാണ് ആദ്യം തുടങ്ങുക. ജില്ലയിലെ പത്താമത്തെ ചെറുകിട ജല വൈദ്യുതി പദ്ധതിയാണിത്. പെരുവണ്ണാമൂഴി ഡാമിലെ വെള്ളമുപയോഗിച്ച് ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ളതാണ് പദ്ധതി. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അവശ്യ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വള്ളിക്കുന്നിലെ കെ.എസ്.കെ ഫാബ്രിക്കേഷന്‍സ്, ഹൈദരാബാദിലെ എസ്.എസ്.ഇ.വി എന്നീ സ്ഥാപനങ്ങളുടെ കണ്‍സോർട്യമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിയുടെ പുതുക്കിയ അടങ്കലായ 44.4 കോടി രൂപയേക്കാള്‍ 6.51 ശതമാനം കുറഞ്ഞ നിരക്കായ 41.55 കോടി രൂപക്കാണ് കരാര്‍. ആദ്യ തവണ 41.46 കോടി അടങ്കലുണ്ടായിരുന്നപ്പോള്‍ 39.38 കോടിക്കാണ് അന്ന് കൊച്ചി കമ്പനി കരാര്‍ ഏറ്റെടുത്തിരുന്നത്. 22.79 കോടിയുടെ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കും ടെൻഡര്‍ വിളിച്ചിട്ടുണ്ട്. ആദ്യ തവണ നടത്തിയ ടെൻഡറിൽ ഒരു കമ്പനി മാത്രം പങ്കെടുത്തതിനാല്‍ റീടെൻഡർ നടത്തിയതാണ്. ഇതിലും ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. 2015ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിയാണ് ഇപ്പോഴും പ്രവൃത്തിയുടെ ആരംഭഘട്ടത്തിലെത്തി നില്‍ക്കുന്നത്. 2016 നവംബറില്‍ പവര്‍ ഹൗസ് നിര്‍മാണമടക്കമുള്ള സിവില്‍ പ്രവൃത്തികളുടെ ആദ്യ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണ ഉദ്ഘാടനം നടക്കാന്‍ ഒരു വര്‍ഷം വീണ്ടുമെടുത്തു. ഇതിനിടയില്‍ ജി.എസ്.ടിയുടെ അധിക നികുതി വന്നതോടെ കരാറുകാര്‍ അധിക സാമ്പത്തിക ബാധ്യതയുടെ പേരില്‍ പിന്‍വാങ്ങുകയായിരുന്നു. ടെൻഡര്‍ നടക്കുമ്പോള്‍ നാലു ശതമാനം നികുതിയെന്നത് ജി.എസ്.ടി നിലവില്‍വന്നതിനു ശേഷം 18 ശതമാനമായി മാറിയിരുന്നു. ചടങ്ങിൽ കെ.എസ്.ഇ.ബി ചീഫ് എക്സിക്യൂട്ടിവ് എൻജീനിയർ ബി. ഈശ്വരനായിക്, പ്രോജക്ട് മാനേജർ പി. കൃഷ്ണ പ്രസാദ്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വൈസ് പ്രസിഡൻറ് കെ. സുനിൽ, മെംബർമാരായ ബിജു കുന്നംകണ്ടി, എൻ.കെ. പ്രേമൻ, സി.പി.എം നേതാവ് ജോസഫ് പള്ളൂരുത്തി, മുഖ്യ കരാറുകാരൻ ഷാഹുൽ ഹമീദ്, ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.