വിഭാഗീയത: പരിഹാരം കാണാൻ ലീഗ്​ മണ്ഡലം ഭാരവാഹികളുടെ യോഗം ഇന്ന്​

വിഭാഗീയത: പരിഹാരം കാണാൻ ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗം ഇന്ന് സംസ്ഥാന നേതൃത്വം നേരിട്ടാണ് യോഗം വിളിച്ചത് കോഴിക്കോട്: പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് മുസ്ലിം ലീഗ് ജില്ല കൗൺസിൽ യോഗം ഫെബ്രുവരി മൂന്നിന് ചേരാനിരിക്കെ സമവായത്തിനായി ചൊവ്വാഴ്ച യോഗം. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദി​െൻറയും സാന്നിധ്യത്തിൽ രാവിലെ ലീഗ് ഹൗസിൽ നടക്കുന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ്, സെക്രട്ടറിമാരെയാണ് വിളിച്ചത്. വിഭാഗീയത കാരണം പലതവണ മാറ്റിവെച്ച ജില്ല കൗൺസിൽ ഇത്തവണയെങ്കിലും ചേരണമെന്ന വാശിയിലാണ് സംസ്ഥാന നേതൃത്വം. ഇലക്ഷൻ ഒഴിവാക്കി സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താൻ തീവ്രശ്രമം തുടരുകയാണ്. ഇതി​െൻറ ഭാഗമായാണ് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലെയും പാർട്ടി പ്രസിഡൻറ്, സെക്രട്ടറിമാരുടെ യോഗം. പാർട്ടിയുടെ നയരേഖയനുസരിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ജില്ല കമ്മിറ്റി നിലവിൽവരേണ്ടതാണ്. എന്നാൽ, മിക്ക മണ്ഡലങ്ങളിലും നിലനിൽക്കുന്ന കടുത്ത ഗ്രൂപ്പിസവും വിഭാഗീയതയും കാരണം കീഴ്ഘടകങ്ങളിൽപോലും കമ്മിറ്റി രൂപവത്കരണം പൂർത്തിയാക്കാനായില്ല. ജില്ലയിൽ ബേപ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ഇനിയും നിലവിൽവന്നിട്ടില്ല. ബേപ്പൂർ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൗൺസിൽ യോഗങ്ങൾ കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ചേരിതിരിഞ്ഞ് പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ് പ്രകടനങ്ങളും ഇവിടെ സ്ഥിരം കാഴ്ചയായി. അതിനിടെ ജില്ലയിലെ മുതിർന്ന നേതാവ് എം.സി. മായിൻ ഹാജിയെ വാഴ്ത്തിയും പ്രകീർത്തിച്ചും ഒരുവിഭാഗം ഇറക്കിയ ഒാഡിയോ സീഡിയും പാർട്ടിയിൽ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും ശേഷം മായിൻ ഹാജിയാണ് ലീഗി​െൻറ പ്രതീക്ഷ എന്നതാണ് പാട്ടിലെ ഉള്ളടക്കം. ഇതിനെതിരെ മറുവിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ കൗൺസിൽ പോലും ചേരാതെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച ഭാരവാഹികൾ തമ്മിൽ ഇതുവരെ സ്വരച്ചേർച്ചയിലെത്തിയിട്ടില്ല. പാർട്ടികാര്യങ്ങൾ തീരുമാനിക്കുന്നതിന് ഒരുമിച്ചിരിക്കാൻ പോലും ഇവർ സന്നദ്ധരായിട്ടില്ല. ഇതിനാൽ, പാർട്ടി പ്രവർത്തനം മന്ദീഭവിച്ച അവസ്ഥയിലാണ് ഇവിടങ്ങളിലൊക്കെയും. മുഖദാറിലുൾപ്പെടെ പലയിടത്തും ശാഖ കമ്മിറ്റികൾ വരെ പിരിച്ചുവിടുന്ന അവസ്ഥയുമുണ്ടായി. ഇൗ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം നേരിട്ടിടപെട്ട് ജില്ലയിലെ കുത്തഴിഞ്ഞ പാർട്ടി സംവിധാനം നേരെയാക്കാൻ ശ്രമം നടത്തുന്നത്. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ലീഗിന് ഇനിയും കമ്മിറ്റികളാവാത്തത്. സംസ്ഥാന കൗൺസിൽ യോഗം ഫെബ്രുവരി 11ന് കോഴിക്കോട്ട് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി ഇനിയും നിലവിൽ വന്നിട്ടില്ലെങ്കിൽ പാർട്ടിക്ക് ഭരണഘടന പ്രതിസന്ധിയും തെരഞ്ഞെടുപ്പ് കമീഷ​െൻറ നടപടിയുമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.