ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേര്‍ കൊടുവള്ളിയില്‍ പിടിയിൽ

കൊടുവള്ളി: അന്തര്‍ സംസ്ഥാന ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേര്‍ കൊടുവള്ളിയില്‍ പൊലീസി​െൻറ പിടിയിലായി. നരിക്കുനി പാലങ്ങാട് പന്നിക്കോട്ടൂര്‍ വൈലാങ്കര സല്‍മാന്‍ ഫായിസ് (19), കിനാലൂർ വിത്ത്കുളത്തില്‍ മുഹമ്മദ് സാലിഹ് (19) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ താഴെ കൊടുവള്ളി ബസ്സ്റ്റോപ്പിന് സമീപത്തുവെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാവുന്നത്. പാലക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നും മോഷ്ടിച്ച രണ്ട് ബുള്ളറ്റുകളുമായാണ് ഇവര്‍ പിടിയിലായത്. മോഷ്്ടിച്ച ബൈക്കുകള്‍ കൊടുവള്ളിയില്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതായി താമരശ്ശേരി ഡിവൈ. എസ്.പി. പി.സി. സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി പൊലീസ് എസ്.ഐ. കെ പ്രജീഷ്, എ.എസ്.ഐ. വിനോദ്, ഡിവൈ. എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, സി.പി .ഒമാരായ ഹരിദാസന്‍, ഷിബില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്ക് മോഷണ സംഘം വലയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 11എ.ടി. 9661 നമ്പര്‍ ബുള്ളറ്റ് പരിശോധിച്ചതില്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളില്‍നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നമ്പര്‍ പതിക്കാത്ത മറ്റൊരു ബുള്ളറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരി ആറിന് പാലക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നാണ് ബുള്ളറ്റുകള്‍ മോഷ്ടിച്ചതെന്ന് പ്രതികള്‍ െപാലീസിന് മൊഴി നല്‍കി. ഫായിസിന് കുന്ദമംഗലം സ്റ്റേഷനിലും സാലിഹിന് ബാലുശ്ശേരി സ്റ്റേഷനിലും വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.