നാദാപുരം: വൃക്കരോഗിയായ യുവാവിന് വൃക്ക നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കോട്ടൂളി സ്വദേശി മുഹമ്മദ് ബെന്‍സീറിനെയാണ് (39) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തൂണേരി സ്വദേശിയായ വൃക്കരോഗിയുടെ പരാതിയിലാണ് നടപടി. മറ്റൊരു തട്ടിപ്പ് കേസില്‍ റിമാൻഡിലായ പ്രതിയെ കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തി മൂന്നു ദിവസത്തേക്ക് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ വൃക്ക മാറ്റിവെക്കല്‍ നടത്താമെന്നാണ് വാഗ്ദാനം ചെയ്തത്. ബെന്‍സീറും കുറ്റ്യാടി സ്വദേശിയായ മറ്റൊരു യുവാവും ചേര്‍ന്നാണ് എ പോസിറ്റീവ് ഗ്രൂപ്പില്‍പെട്ട വൃക്ക ആവശ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രോഗിയെ സമീപിക്കുന്നത്. നാലു ലക്ഷം രൂപയാണ് ഇവര്‍ അഡ്വാന്‍സായി ആവശ്യപ്പെട്ടത്. ഇതു പ്രകാരം രോഗിയുടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് ബെന്‍സീറിന് ജൂലൈ 31ന് ഒരു ലക്ഷം രൂപ പണമായും ബാക്കി തുക പ്രതിയുടെ അക്കൗണ്ടിലേക്ക് ഐ.ഡി.ബി.ഐ ബാങ്ക് വഴി കൈമാറുകയുമായിരുന്നു. ഇതിനിടെ, രണ്ടു തവണ രോഗിയെയും കൂട്ടി ആശുപത്രിയിലെത്തി മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രതി വാഗ്ദാനം നല്‍കിയ വൃക്ക രോഗിക്ക് യോജിക്കാതെ വരികയും ഇതോടെ ബെന്‍സീര്‍ മുങ്ങുകയുമായിരുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. 19 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നതെന്നും ഓപറേഷന്‍ തീരുമാനിക്കുമ്പോള്‍ നല്‍കണമെന്നുമായിരുന്നു കരാറുണ്ടാക്കിയത്. രോഗിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി മറ്റൊരു വഞ്ചന കേസില്‍ റിമാൻഡിലാണെന്ന വിവരമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.