കൊടുവള്ളി: നാലംഗ ക്വട്ടേഷൻ സംഘത്തെ കൊടുവള്ളി പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളായ തൃശൂർ അരിമ്പൂർ കാഞ്ഞിരത്തിങ്ങൽ വീട്ടിൽ വിപിൻ (24), കണ്ടംപുഴ ശ്രീജിത്ത് (25), ചൊവ്വങ്കണ്ടം അറക്കൽ വീട്ടിൽ എ.വി. സോജൻ (35), മലപ്പുറം കാടാമ്പുഴ പനങ്കാവിൽ ഗണേശൻ (30) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കെ.എൽ-54 ഇ-4822 ഡെസ്റ്റർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കൊടുവള്ളി ഓമശ്ശേരി റോഡിൽ സംശയാസ്പദമായി കാർ സഞ്ചരിക്കുന്നതായി നാട്ടുകാർ പൊലീസിൽ നൽകിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൊടുവള്ളി പൊലിസ് ജൂനിയർ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും നടത്തിയ അന്വേഷണത്തിനിടെ ഓമശ്ശേരിക്കടുത്ത് കണിയാർകണ്ടം അങ്ങാടിയിൽ വെച്ചാണ് ക്വട്ടേഷൻസംഘം പിടിയിലായത്. ഇവരെ കസ്റ്റഡിയിലെടുത്ത് വാഹനം പരിശോധിച്ചപ്പോൾ കാറിെൻറ യഥാർഥ നമ്പർ മറച്ച് കെ.എൽ-11 എ.വി-5368 എന്ന വ്യാജ നമ്പർ പതിച്ചാണ് സംഘം യാത്ര ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വണ്ടിയിൽ നിന്ന് കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കുഴൽപണം കൊണ്ടുപോകുന്നവരുൾപ്പെടെയുള്ളവരെ ആക്രമിച്ച് പണം ഉൾപ്പെടെയുള്ളവ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് തിരിച്ചറിഞ്ഞത്. പണം തട്ടിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നതിനിടെയാണ് സംഘം പൊലീസിെൻറ പിടിയിലാവുന്നത്. തൃശൂർ വെസ്റ്റ്, നെടുമ്പുഴ സ്റ്റേഷനുകളിലും തമിഴ്നാട്ടിൽ സ്പിരിറ്റ് കടത്ത് കേസിലും സംഘം പ്രതികളാണ്. അബ്ദുൽ റഹിം, സുനിൽകുമാർ, റഷീദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.