മീനാക്ഷി മടങ്ങി; ഒരു ക്യാമ്പിൽനിന്ന് മറ്റൊന്നിലേക്ക്

കോഴിക്കോട്: 'എല്ലാവരും ക്യാമ്പിൽനിന്ന് മടങ്ങുന്നു; ഞാനെന്തു ചെയ്യും. മടങ്ങിച്ചെല്ലാനുള്ള കൂരയാണെങ്കിൽ വെള്ളംകയറി ഏതു നേരവും വീഴും'. സിവിൽ സ്റ്റേഷൻ ജി.യു.പി സ്കൂളിൽനിന്ന് ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോൾ 60കാരി മീനാക്ഷിയുടെ ആധി ഇതായിരുന്നു. മറ്റെല്ലാവരും ക്യാമ്പിൽനിന്ന് പോകുമ്പോൾ ഇവർക്കുമാത്രമായി ക്യാമ്പ് പ്രവർത്തിക്കാനാവില്ല. വൈകാതെ അധികൃതർ പരിഹാരം കണ്ടു. മലാപ്പറമ്പ് വിമൻസ് പോളി ടെക്നിക്കിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മീനാക്ഷിയെ മാറ്റാൻ തീരുമാനിച്ചു. അങ്ങനെയാണ് സിവിൽ സ്േറ്റഷനടുത്ത് െവള്ളൂർതാഴം അയ്യപ്പക്ഷേത്രത്തിനടുത്തുള്ള വാടകക്കൂരയിൽ ഒറ്റക്ക് കഴിയുന്ന ഈ വയോധിക ഒരു ക്യാമ്പിൽനിന്ന് മറ്റൊന്നിലേക്ക് മാറിയത്. ചൊവ്വാഴ്ച രാത്രിയാണ് മീനാക്ഷിയുടേതുൾെപ്പടെ നിരവധിപേരുടെ വീടുകളിൽ വെ‍ള്ളമെത്തിയത്. അന്ന് ക്ഷേത്രത്തിനടുത്ത് ഒരുക്കിയ അഭയകേന്ദ്രത്തിൽ അന്തിയുറങ്ങിയ കുടുംബങ്ങളെ പിറ്റേന്ന് സ്കൂളിലേക്കു മാറ്റി. 138 കുടുംബങ്ങളിലെ 345 പേരാണ് ഇവിടെയുണ്ടായിരുന്നത്. എല്ലാ വീടുകളിലും വെള്ളമിറങ്ങിയെങ്കിലും മീനാക്ഷിയുടെ വീടി​െൻറ സ്ഥിതി അപകടകരമാണ്. കുടുംബശ്രീക്കു കീഴിൽ ശുചീകരണജോലി ചെയ്യുന്ന ഇവരുടെ മകനും കുടുംബവും തമിഴ്നാട്ടിലാണുള്ളത്. ജോലിയിൽനിന്നുള്ള തുച്ഛവരുമാനംകൊണ്ടാണ് ജീവിക്കുന്നത്. പുതിയ ക്യാമ്പിൽനിന്ന് മടങ്ങുമ്പോഴെങ്കിലും അടച്ചുറപ്പുള്ള ഒരു വീട് കിട്ടിയിരുന്നെങ്കിൽ എന്നാണിവരുടെ പ്രാർഥന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.