ചെറുവണ്ണൂർ പഞ്ചായത്തിൽ ആറ്​ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 350തോളം കുടുംബങ്ങൾ വീടൊഴിഞ്ഞു

പേരാമ്പ്ര: കനത്ത മഴയിൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വെള്ളത്തിൽ മുങ്ങി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ 350 കുടുംബങ്ങൾ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംതേടി. ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ.പി സ്കൂളിലും കക്കറമുക്ക് ഹുജത്തുൽ ഇസ്‌ലാം മദ്റസയിലുമായി 120 കുടുംബങ്ങളിലെ 447 ആളുകളാണ് കഴിയുന്നത്. പേരിഞ്ചേരി കടവ് വട്ടകുനി കാക്കറമുക്ക് ഭാഗത്തുള്ള ഒന്ന്, 14,15 വാർഡിലെ പേരിഞ്ചേരി കടവ്, വട്ടകുനി, കാക്കറമുക്ക്, പ്രദേശത്തുള്ളവരാണ് ഇവിടെയെത്തിയത്. ആവള യു.പി. സ്കൂളിൽ 60 കുടുംബങ്ങളും വെണ്ണാറോട് എൽ.പി സ്കൂളിൽ 34 കുടുംബങ്ങളും മുയിപ്പോത്ത് ഈസ്റ്റ് എൽ.പി സ്കൂളിൽ 22 കുടുംബങ്ങളും മുയിപ്പോത്ത് എവർഗ്രീൻ പബ്ലിക് സ്കൂളിൽ 65 കുടുംബങ്ങളും കഴിയുന്നുണ്ട്. പീറ്റങ്ങയി ഭാഗം, മയിന്തൂർ താഴെ, പാറക്കണ്ടി, തെക്കേക്കുന്നി, പടിഞ്ഞാറേക്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് മുയിപ്പോത്തെ രണ്ട് ക്യാമ്പുകളിലും കഴിയുന്നത്. കുറ്റ്യാടി പുഴയിലൂടെ വലിയതോതിൽ വെള്ളമൊഴുകിയതോടെയാണ് വീടുകൾ വെള്ളത്തിലായത്. തോണിയിലാണ് പലരെയും രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.