കെട്ടിടം തകര്‍ന്നുവീണ് രണ്ട് തമിഴ്‌നാട് സ്വദേശികൾക്ക് പരിക്ക്

ഒരാളുടെ നില ഗുരുതരം രാമനാട്ടുകര: കനത്ത മഴയിൽ പഴയ കെട്ടിടം തകർന്നു വീണ് തമിഴ്നാട് സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്. മധുര സ്വദേശികളായ മുരുകന്‍ (23), ശിവ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാമനാട്ടുകര ബസ്സ്റ്റാൻഡിനു സമീപം സ്റ്റാന്‍ഡേഡ് ബേക്കറിക്ക് എതിർവശത്തെ കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തകര്‍ന്നുവീണത്. ഓടിക്കൂടിയ നാട്ടുകാർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മുരുകനെ പുറത്തെടുത്ത് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിവ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിടത്തിനകത്ത് കൂടുതൽ പേർ ഉണ്ടെന്ന ധാരണയില്‍ നാട്ടുകാരും രാമനാട്ടുകര റെസ്‌ക്യൂ വളൻറിയര്‍മാരും ഫറോക്ക് പൊലീസും ഫയര്‍ഫോഴ്‌സും ക്രെയിൻ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തി. ആരും അകപ്പെട്ടില്ലെന്ന് ഉറപ്പായതോടെയാണ് തിരച്ചിൽ നിർത്തിയത്. ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ഉടമസ്ഥതർക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായിരുന്നു. മുകൾനില വർഷങ്ങൾക്കുമുമ്പ് ദ്രവിച്ച് നിലംപൊത്തിയതാണ്. കെട്ടിടത്തി​െൻറ ഉൾവശത്തും പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കാറുണ്ട്. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷന്‍ ഓഫിസര്‍ ടി.കെ. ബഷീർ, ലീഡിങ് ഫയര്‍മാന്മാരായ ഇ. ശിഹാബുദ്ദീൻ, കെ. നാരായണന്‍ നമ്പൂതിരി, ഫറോക്ക് എസ്.െഎ എം.കെ. അനില്‍കുമാർ, സിവില്‍ പൊലീസ് ഒാഫിസർമാരായ സനത്ത് റാം, ശ്രീജിത്ത്, രാജേന്ദ്രൻ, വിനീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍കുമാർ, വില്ലേജ് ഓഫിസര്‍ ഇന്‍ ചാര്‍ജ് വി. റിജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.