ചൂടിൽ വാടി അംഗൻവാടി കുട്ടികൾ

വടകര: വേനൽ കടുത്തതോടെ ഉരുകിത്തീരാനാണ് അംഗൻവാടി കുട്ടികളുടെ വിധി. ചൂട് അസഹനീയമായതോടെ സ്കൂളുകളില്‍ അവധിക്കാല പഠനം നടത്തരുതെന്ന സര്‍ക്കുലര്‍ ഡി.പി.ഐ ഇറക്കിയെങ്കിലും ഈ കുരുന്നുകളുടെ കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഐ.സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടികളില്‍ മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ദുരിതം പേറുന്നത്. വനിത-ശിശുക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗൻവാടികളെ വകുപ്പ് മേധാവികളോ മനുഷ്യാവകാശ സംഘടനകളോ കാണുന്നില്ല. സംസ്ഥാനത്തെ 70 ശതമാനം അംഗൻവാടികളും അടിസ്ഥാന സൗകര്യങ്ങളില്ലാത്തവയാണ്. പല കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുപോലുമില്ല. താൽക്കാലിക ഷെഡിലാണ് ചിലയിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തിക്കുന്നത്. ചെറിയ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഒറ്റപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നവയും ഏറെയാണ്. ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ക്കൊപ്പം വര്‍ക്കര്‍മാരും ദുരിതം പേറുകയാണ്. പ്രയാസം കണക്കിലെടുത്ത് ചില അംഗൻവാടി വര്‍ക്കര്‍മാര്‍ മനുഷ്യാവകാശ കമീഷനിലും മറ്റും പരാതി നല്‍കിയിരിക്കുകയാണ്. ചൂടു കൂടിയ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസുകൾ അവസാനിപ്പിച്ച് അംഗൻവാടി കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ വീട്ടിലേക്ക് നല്‍കിവിടുന്ന സാഹചര്യം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.