കോഴിക്കോട്: ജില്ലയിൽ ഊർജിത പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. വീടുകളിലും ഭക്ഷണശാലകളിലും നടത്തിയ പരിശോധനയിൽ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ 23ന് വീടുകളിലും ചൊവ്വാഴ്ച ഭക്ഷണശാലകളിലുമാണ് പരിശോധന നടന്നത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 6,769 വീടുകളിലും 480 സ്ഥാപനങ്ങളിലും 88 നിർമാണസ്ഥലങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന 396 ഇടങ്ങളിലും 88 തോട്ടങ്ങളിലും പരിശോധന നടത്തി. കൊതുകിെൻറ ഉറവിടം ശ്രദ്ധയിൽപെട്ടതിനാലും പകർച്ചവ്യാധിയുണ്ടാക്കുന്ന തരത്തിൽ മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും കക്കൂസ് കുഴി ഭദ്രമായി മൂടാത്തതിനും മാലിന്യം തള്ളിയതിനും ഓടകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയതിനും വീടുകൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. 12 വീടുകൾക്കും 24 സഥാപനങ്ങൾക്കും നാല് തോട്ടങ്ങൾക്കും ഏഴ് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങൾക്കുമാണ് നോട്ടീസ് നൽകിയത്. അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ 1305 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 279 ഹോട്ടലുകൾ, 279 കൂൾബാർ, 305 ബേക്കറി, 23 കാറ്ററിങ് സെൻറർ, 26 സോഡ നിർമാണ യൂനിറ്റ്, 301 മറ്റു ഭക്ഷണശാലകൾ എന്നിവയാണ് പരിശോധിച്ചത്. ക്രമക്കേട് നടത്തിയ 50 ഹോട്ടലുകൾക്കും 14 ബേക്കറികൾക്കും ഒമ്പത് കൂൾബാറുകൾക്കും നാല് സോഡ നിർമാണ യൂനിറ്റുകൾക്കും 17 മറ്റു സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കിയതിനും മലിനജലം പുറത്തേക്കൊഴുക്കിയതിനും പകർച്ചവ്യാധിയുണ്ടാക്കുന്ന സാഹചര്യമൊരുക്കിയതിനും ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനും മറ്റുമാണ് നോട്ടീസ് നൽകിയത്. വിവിധ ഭക്ഷണശാലകളിൽ നിന്നായി 21,100 രൂപ പിഴയീടാക്കി. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫിസർമാർ, മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ, കീഴ്ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.