ഹാജറ ടീച്ചറും ലീല ടീച്ചറും 31 ന് ദേശീയ പുരസ്കാരമേറ്റുവാങ്ങും

പേരാമ്പ്ര: കുട്ടികൾ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി സ്കൂളുകളിലേക്ക് ഒഴുകുന്ന ഈ കാലഘട്ടത്തിൽ ഹാജറ ടീച്ചറും ലീല ടീച്ചറും വൻമതിലാവുകയായിരുന്നു. ഈ ഒഴുക്ക് തടഞ്ഞു നിർത്തി അംഗൻവാടികളിലേക്ക് തിരിച്ചുവിടുന്നതിൽ വിജയിച്ച ഇരുവർക്കും സംസ്ഥാന സർക്കാറി​െൻറ പുരസ്കാരത്തിനു പുറമെ ദേശീയ അവാർഡും ലഭിച്ചിരിക്കുകയാണ്. ഹാജറയുടെ കൂരാച്ചുണ്ട് അംഗൻവാടിയിൽ ഈ വർഷം 42 പേരാണ് ശിക്ഷണത്തിലുള്ളത്. ലീലയുടെ കായണ്ണ യമുന അംഗൻവാടിയിൽ 34 വിദ്യാർഥികളാണ് പഠിക്കുന്നത്. കേരളത്തിൽനിന്ന് ജില്ലയിലെ ഈ രണ്ടു പേർക്ക് മാത്രമാണ് ദേശീയ അംഗീകാരം ലഭിച്ചത്. ആഗസ്റ്റ് 31ന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. കൂരാച്ചുണ്ട് ടൗണില്‍ പുള്ളുപറമ്പില്‍ ഇബ്രാഹീമി​െൻറ ഭാര്യയാണ് ഹാജറ. 25 വര്‍ഷമായി കൂരാച്ചുണ്ട് അംഗൻവാടിയിലാണ് ജോലി ചെയ്യുന്നത്. പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന അംഗൻവാടിയാണിത്. നേരത്തെ ഷെഡില്‍ തുടങ്ങിയ അംഗൻവാടി 20 വര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയതാണ്. ചിത്രം വരക്കാറുള്ള ഹാജറ പഠനോപകരണങ്ങള്‍ കുട്ടികള്‍ക്കായി സ്വയം നിർമിച്ച് പഠനത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. 1996--97ല്‍ ബ്ലോക്ക് പഞ്ചായത്തി​െൻറ മികച്ച അംഗൻവാടിക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. സബ്‌ന മുനീര്‍, ജസ്‌ന നിസാര്‍, ജംസുല്‍ എന്നിവരാണ് മക്കള്‍. ഭര്‍ത്താവ് ഇബ്രാഹിം വിദേശത്താണ്. കായണ്ണ പഞ്ചായത്തിലെ കായണ്ണ നമ്പ്രത്തുമ്മലുള്ള യമുന അംഗൻവാടിയിലെ വര്‍ക്കറായ ടി.കെ. ലീല 25 വര്‍ഷമായി കുട്ടികള്‍ക്ക് അറിവ് പകരുന്നു. കായണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം തട്ടാൻറ്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. പഞ്ചായത്തിലെ പുറാളി അംഗൻവാടിയില്‍നിന്ന് 10 വര്‍ഷം മുമ്പ് ഇവിടേക്ക് സ്ഥലം മാറ്റം കിട്ടിയതാണ്. പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുവെന്ന നേട്ടം ഈ അംഗൻവാടിക്കുണ്ട്. വയോജനങ്ങള്‍ക്കുള്ള യോഗങ്ങളും ആരോഗ്യ ക്ലാസുകളും സ്ഥിരമായി സംഘടിപ്പിക്കാറുണ്ട്. അധ്യാപികയായ രജില, കുറ്റിവയല്‍ ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനായ ശ്രീജിത്ത് എന്നിവരാണ് ലീലയുടെ മക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.