വടക്കഞ്ചേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുടപ്പല്ലൂർ സ്വദേശിനി പാതിയാട്ട് വീട്ടിൽ ഉഷാദേവി (57), കൺസ്യൂമർഫെഡ് മുൻ റീജനൽ ചെയർമാനും തിരുവനന്തപുരം വഞ്ചിയൂർ തമ്പുരാൻമുക്ക് സ്വദേശിയുമായ സ്വാതി വീട്ടിൽ സ്വിഷ് സുകുമാരൻ (36) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി രാഗേഷ്, കോഴിക്കോട് സ്വദേശി സനിൽ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ വകുപ്പുകളിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നാല് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് സംസ്ഥാനത്തിെൻറ പല ഭാഗത്തുള്ളവരിൽനിന്ന് തട്ടിയെടുത്തത്. രണ്ട് വർഷമായി പ്രതികൾ തട്ടിപ്പ് നടത്തുകയാണെന്നും സമയപരിധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് വഞ്ചിതരായവർ പരാതിയുമായി എത്തിയതെന്നും പൊലീസ് പറയുന്നു. ഉഷാദേവി മുഖേനയാണ് തട്ടിപ്പിനിരയായവർ പണം നൽകിയിരുന്നത്. സീരിയലിൽ അഭിനയിക്കാൻ ആളെ ആവശ്യമുണ്ടെന്ന പത്രപരസ്യം വഴിയാണ് ഉഷാദേവിയും സ്വിഷും തമ്മിൽ പരിചയപ്പെടുന്നത്. മകളെ സീരിയലിൽ അഭിനയിപ്പിക്കാനാണ് ഉഷ സ്വിഷിനെ പരിചയപ്പെട്ടത്. ഈ സമയം സ്വിഷ് സിനിമയുമായി ബന്ധപ്പെട്ട മേഖലയിലുണ്ടായിരുന്നു. ഈ മേഖലയിൽ വിജയിക്കാതായതോടെയാണ് ഇവർ പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. എസ്.ഐ ബോബിൻ മാത്യു, എ.എസ്.ഐ ഉല്ലാസ്, എസ്.പി.ഒ ഉണ്ണി മുഹമ്മദ്, സി.പി.ഒ സിന്ധു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.