കോഴിക്കോട്: മോണോറെയില്‍ പദ്ധതിയുടെ ഭാഗമായുള്ള പന്നിയങ്കര മേല്‍പാലം വഴി അടുത്തമാസം വണ്ടിയോടും. പെയിന്‍റിങ്ങും ഒരു ഭാഗം ടാറിങ്ങുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. പാലത്തിന് താഴെ ഇരുവശവും വഴിയുള്ള സര്‍വിസ് റോഡ് പണിയണമെങ്കില്‍ ഗതാഗതം തടയേണ്ടിവരും. ഇത് ഒഴിവാക്കാന്‍ പാലം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും മുമ്പുതന്നെ വാഹനങ്ങള്‍ അടുത്തമാസം മുതല്‍ തിരിച്ചുവിടുകയാണ് ഉദ്ദേശ്യം. ജനുവരി ആദ്യം മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യണമെന്നാണ് തീരുമാനം. സര്‍വിസ് റോഡ് പണി നവംബറില്‍ ആരംഭിച്ച് ഡിസംബറില്‍തന്നെ തീര്‍ക്കും. ഇംഗ്ളീഷ് അക്ഷരമാലയിലെ ‘T’ ആകൃതിയിലുള്ള നഗരത്തിലെ ആദ്യ മേല്‍പാലമാണ് പന്നിയങ്കരയിലേത്. പയ്യാനക്കല്‍ ഭാഗത്തുനിന്നും കണ്ണൂര്‍, തൃശൂര്‍ ഭാഗത്തുനിന്നും പന്നിയങ്കര മേല്‍പാലത്തിലേക്ക് പ്രവേശിക്കാനാകുംവിധമാണ് നിര്‍മാണം. നേരത്തേ ‘L’ ആകൃതിയില്‍ നിശ്ചയിച്ചിരുന്ന പാലം ഡി.എം.ആര്‍.സി ഏറ്റെടുത്തപ്പോള്‍ ആകൃതി മാറ്റുകയായിരുന്നു. പണി വിലയിരുത്താന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പാലം സന്ദര്‍ശിച്ചു. ഡി.എം.ആര്‍.സി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഗോപാല കൃഷ്ണന്‍, എക്സി. എന്‍ജിനീയര്‍ വേണുഗോപാല്‍, കെ. മൊയ്തീന്‍ കോയ, കെ. അബൂബക്കര്‍, പി.വി. അവറാന്‍, സി.ടി. സക്കീര്‍ ഹുസൈന്‍, ഫൈസല്‍ പള്ളിക്കണ്ടി എന്നിവരും കൂടെയുണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാലംപണി തീരുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. മോണോറെയില്‍ കടന്നുപോകുന്ന ഭാഗത്തായതിനാല്‍ മേല്‍പാലം പണി ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സി സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 2012ല്‍ 76.16 കോടി ചെലവില്‍ പാലം പണിയാനായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുക്കലിനെപ്പറ്റിയുള്ള പ്രശ്നവും കച്ചവടക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ശ്രമവും ഏറെക്കാലം നീണ്ടു. ഏറ്റവും ജനസാന്ദ്രതയുള്ള പയ്യാനക്കല്‍ ഭാഗത്തേക്കുള്ള റോഡില്‍ റെയില്‍വേഗേറ്റ് തീരാദുരിതമാണ്. കല്ലായി സ്റ്റേഷന് സമീപമുള്ള ഗേറ്റടച്ചാല്‍ വാഹനങ്ങളുടെ നീണ്ടനിര കാരണം കല്ലായി റോഡില്‍ ഗതാഗതക്കുരുക്ക് സ്ഥിരമാണ്. കഴിഞ്ഞ ജൂണ്‍ മാസത്തോടെതന്നെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.