സബ്രജിസ്ട്രാര്‍ ഓഫിസിന് ഫണ്ട് അനുവദിച്ചു

കക്കോടി: സബ്രജിസ്ട്രാര്‍ ഓഫിസ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതായും ഭരണാനുമതി ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ആസ്തിവികസന ഫണ്ടില്‍നിന്ന് 72 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചത്. സബ്രജിസ്ട്രാര്‍ ഓഫിസ് നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കിയിട്ടും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിന് സ്ഥലം വിട്ടുകൊടുത്ത കുടുംബം ആലോചിക്കുന്നതായി ‘മാധ്യമം’ കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കക്കോടി സബ്രജിസ്ട്രാര്‍ ഓഫിസിനുവേണ്ടി കക്കോടിയുടെ ഹൃദയഭാഗത്ത് 4.09 സെന്‍റ് ഭൂമി 2011ലാണ് കേരള ഗവണ്‍മെന്‍റിനുവേണ്ടി ഗവര്‍ണറുടെ പേരില്‍ കുടുംബം രജിസ്റ്റര്‍ ചെയ്തുകൊടുത്തത്. പൊക്കിരാത്ത് സി.പി. രാമന്‍ നായരുടെ സ്മരണാര്‍ഥം മകന്‍ അശോകന്‍ മേനോക്കി സംഭാവന ചെയ്തത് എന്ന് ശിലാഫലകത്തില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിലായിരുന്നു ഭൂമി വിട്ടുനല്‍കിയത്. അഞ്ചു വര്‍ഷമായി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നിര്‍മാണപ്രവര്‍ത്തനത്തിനുള്ള ഒരു നീക്കവും ഉണ്ടാകാത്തതില്‍ അമര്‍ഷംപൂണ്ടാണ് വക്കീല്‍ മുഖാന്തരം നിയമനടപടികള്‍ക്കൊരുങ്ങിയത്്. സബ്രജിസ്ട്രാര്‍ ഓഫിസ് മറ്റൊരു സ്ഥലത്തേക്ക് മാറുമെന്ന ഘട്ടംവന്നപ്പോഴാണ് കക്കോടിയില്‍ സബ്രജിസ്ട്രാര്‍ ഓഫിസ് കൊണ്ടുവരുന്നതിന് നേതൃത്വം വഹിച്ച തന്‍െറ പിതാവിന്‍െറ ഓര്‍മയില്‍ ഓഫിസ് തുടങ്ങുന്നതിന് അശോകന്‍ മേനോക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി നല്‍കിയത്. 2012ല്‍ പഞ്ചായത്ത് പ്ളാനും അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഒരു പ്രവര്‍ത്തനവും നടന്നില്ല. എം.എല്‍.എ പ്രകടിപ്പിക്കുന്ന താല്‍പര്യത്തില്‍ തങ്ങള്‍ അതീവസന്തുഷ്ടരാണെന്ന് അശോകന്‍ മേനോക്കിയുടെ സഹോദരന്‍ മനോഹരന്‍ മേനോക്കി പറഞ്ഞു. ഇപ്പോള്‍ പഞ്ചായത്ത് ഓഫിസ് കോംപ്ളക്സില്‍ വാടകപോലും നല്‍കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സൗജന്യമായി കിട്ടിയ ഭൂമിയില്‍ നിര്‍മാണത്തിന് താല്‍പര്യമില്ലാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.