ബാലുശ്ശേരി താലൂക്ക് ആശുപത്രി പ്രഖ്യാപനത്തിലൊതുങ്ങി

ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രി പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും ഉപവാസം ആരംഭിച്ചു. ബാലുശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇതിനാവശ്യമായ ഡോക്ടര്‍മാരുടെ സേവനങ്ങളും സൗകര്യങ്ങളും സര്‍ക്കാറിന്‍െറ അനാസ്ഥകാരണം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നേരത്തെയുണ്ടായിരുന്ന സേവനങ്ങള്‍പോലും ഇപ്പോള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. താലൂക്ക് ആശുപത്രിക്ക് അനുവദിക്കപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കാത്തതാണ് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പ്രധാന കാരണമെന്നാണ് സംരക്ഷണസമിതിയുടെ ആരോപണം. ജില്ലയില്‍തന്നെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട ആശുപത്രികളില്‍ കാഷ്വാലിറ്റി സൗകര്യം ഏര്‍പ്പെടുത്തിയപ്പോഴും ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ സര്‍ക്കാര്‍ തഴയുകയായിരുന്നു. ഇപ്പോള്‍ ഒ.പി സമയം കഴിഞ്ഞാല്‍ ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല. കഴിഞ്ഞവര്‍ഷം രണ്ടു മാസക്കാലം നീണ്ടുനിന്ന ഉപവാസം ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. മാത്രമല്ല, സമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിട്ടുകാണുകയും ആവശ്യമായ ഡോക്ടര്‍മാരെയും സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് ഉറപ്പുംനല്‍കിയിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതേതുടര്‍ന്നാണ് ആശുപത്രിക്കുമുന്നില്‍ വീണ്ടും ഉപവാസം തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനി കെ.എം. ഗോപാലന്‍ നായര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ടി.എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ മാസ്റ്റര്‍, കെ. ബീന, ഷൈമ കോറോത്ത്, പ്രദീപന്‍ മാസ്റ്റര്‍, ശ്രീധരന്‍ പൊയിലില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.