വരൂ... കാഴ്ചയില്ലാത്തവരുടെ ലോകത്തെ നേരിട്ടറിയാം

കോഴിക്കോട്: കാഴ്ചയില്ലാത്തവരുടെ ലോകം എങ്ങനെയായിരിക്കുമെന്ന് പലരും ചിന്തിച്ചിരിക്കില്ല... കാഴ്ചയുടെ ആഘോഷങ്ങളില്‍ കാഴ്ചയില്ലാത്തവരെ മറക്കുന്നവര്‍ക്ക് അല്‍പനേരം ഇരുട്ടിന്‍െറ ലോകമെന്താണെന്നറിയാന്‍ അവസരം. ഗ്രാമം, വനം, ഹിമാലയന്‍താഴ്വര തുടങ്ങി പ്രകൃതിസുന്ദര മേഖലകളെ കൂരിരുട്ടാക്കി കുറച്ചുനേരം ഇരുട്ടിന്‍െറ തുരങ്കത്തിലൂടെ അന്ധതയിലേക്ക് നടത്തിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. നമ്മള്‍ അവഗണിക്കുന്ന കാഴ്ചയില്ലാത്തവന്‍െറ പ്രശ്നങ്ങള്‍ അനുഭവിച്ചറിയാനും അവരുടെ ലോകം പരിചയപ്പെടാനുമാണ് കോഴിക്കോട് മലബാര്‍ കോളജ് ഓഫ് ഹെല്‍ത്ത് എജുക്കേഷനിലെ വിദ്യാര്‍ഥികള്‍ ‘ത്രു ദ ടണല്‍ ഓഫ് ഡാര്‍ക്നസ്’ ഒരുക്കുന്നത്. ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ടണലിലൂടെ സഞ്ചരിക്കാന്‍ അവസരം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാഴ്ചയുള്ളവരും ഇല്ലാത്തവരും ഈ ലോകത്ത് തുല്യരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയിക്കാന്‍ അന്ധകാരത്തില്‍ ജ്ഞാനേന്ദ്രിയങ്ങള്‍ പകരുന്ന അറിവിലൂടെ ഉള്‍ക്കാഴ്ചയിലേക്ക് നയിക്കുന്ന യാത്രയാണ് ടണല്‍വഴി തീര്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. എരഞ്ഞിപ്പാലത്തെ മലബാര്‍ കണ്ണാശുപത്രിയോടനുബന്ധിച്ച കാമ്പസിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല നിര്‍വഹിക്കും. ടണലിലൂടെ സഞ്ചരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒമ്പതു മുതല്‍ അഞ്ചുവരെയാണ് പ്രദര്‍ശനം. ഫോണ്‍: 9947306218, 7925383299, 8943588223. പരിപാടിയില്‍ സമാഹരിക്കുന്ന പണം കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി ചെലവഴിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ കെ.പി. ജയചന്ദ്രന്‍, പി. ശ്യാംലാല്‍, പി. അഭിരാം, ഖിന ഹസന്‍, ശാലിനി നായര്‍, ജൈസല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.