ചോദ്യം ചോദിച്ച കൗൺസിലറെ ഡെപ്യൂട്ടി മേയർ അധിക്ഷേപിച്ചെന്ന്​; കൗൺസിൽയോഗത്തിൽ ബഹളം

കണ്ണൂര്‍: നഗരത്തിൽ പൊതുശൗചാലയം നിർമിക്കുന്നത് സംബന്ധിച്ച് കൗൺസിൽയോഗത്തിൽ ബഹളം. ചോദ്യം ചോദിച്ച കൗൺസിലറെ ഡെപ്യൂട്ടി മേയർ തുടർച്ചയായി അവഹേളിച്ചുവെന്ന് ആരോപിച്ച പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽ കടുത്ത വിമർശനമുന്നയിച്ചു. തെക്കിബസാറിലെ പൊതുശൗചാലയം നിർമാണം ചർച്ചക്ക് വന്നപ്പോൾ കൗണ്‍സിലര്‍ സി. എറമുള്ളാൻ, നഗരത്തിലെ പ്രധാനസ്ഥലമായ ഇവിടെ പൊതുശൗചാലയത്തിന് പകരം കോര്‍പറേഷ​െൻറ മറ്റൊരു നല്ല പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് അഭിപ്രായപ്പെട്ടു. ഇതിൽ ഇരുവിഭാഗവും ചർച്ച തുടരവെയാണ് യോഗംചേർന്ന് ചായ കുടിച്ചുമാത്രം പോയാൽ പോരെന്ന് പറഞ്ഞ് ഡെപ്യൂട്ടി മേയർ വിമർശനമുന്നയിച്ചത്. ഇത് തുടർന്നതോടെയാണ് പ്രതിപക്ഷം ബഹളമുയർത്തിയത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വരുന്ന കാല്‍ടെക്‌സ്-തെക്കിബസാര്‍ പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടി പൊതുശൗചാലയം നിർമിച്ചുനല്‍കുന്നത് നല്ലതാണെന്നും ജനങ്ങളുടെ ക്ഷേമവും കൗൺസിലി​െൻറ ലക്ഷ്യമാണെന്ന് എൻ. ബാലകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം വരുന്ന നഗരപ്രദേശത്ത് ഇത്തരം അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് കോര്‍പറേഷന്‍ ചെയ്യേണ്ടതെന്ന് വെള്ളോറ രാജനും പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി കൊണ്ടുവന്ന ഈ പദ്ധതി പിന്നീട് എറമുള്ളാന്‍ അംഗമായ വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ചതാണെന്നും അപ്പോഴൊന്നും എതിര്‍ത്തുസംസാരിക്കാത്ത എറമുള്ളാന്‍ ഇപ്പോള്‍ തെറ്റുപറ്റിയെന്നും മാറ്റണമെന്നും പറഞ്ഞുവരുന്നത് ശരിയല്ലെന്നും ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു. പൊങ്ങച്ചത്തിനുവേണ്ടി ബജറ്റ് അവതരിപ്പിക്കുകയും അത് നടപ്പാക്കാന്‍കഴിയാത്ത ഡെപ്യൂട്ടി മേയര്‍ വ്യക്തിപരമായി വിമര്‍ശിക്കരുതെന്നും എറമുള്ളാന്‍ മറുപടിയായി പറഞ്ഞു. വ്യക്തിപരമായി ആക്ഷേപിക്കുന്നതരത്തിലുള്ള പരാമര്‍ശം കൗണ്‍സില്‍യോഗത്തില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മേയര്‍ നിയന്ത്രിക്കേണ്ടതാണെന്നും അവയൊന്നും തടയാതെ വെറും കാഴ്ചക്കാരിയെപോലെ കസേരയിലിരുന്ന് ആസ്വദിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇത്തരം പരാമര്‍ശം നടത്തുന്നത് തടയണമായിരുന്നുവെന്നും ടി.ഒ. മോഹനന്‍ ചൂണ്ടിക്കാട്ടി. ചർച്ചയിൽ സി. സമീർ, എം.പി. മുഹമ്മദലി, കെ. ജമിനി, സുമാ ബാലകൃഷ്ണന്‍, കെ.പി.എ. സലീം, കെ.കെ. ഭാരതി, എം. ഷഫീഖ്, തൈക്കണ്ടി മുരളീധരൻ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.