മന്ത്രി പലതും പറയും, നടപ്പാക്കേണ്ടത്​ ഞാനാണ്​ എന്ന ധാരണ ഉദ്യോഗസ്​ഥർക്ക്​ വേണ്ട ^റവന്യൂ മന്ത്രി

മന്ത്രി പലതും പറയും, നടപ്പാക്കേണ്ടത് ഞാനാണ് എന്ന ധാരണ ഉദ്യോഗസ്ഥർക്ക് വേണ്ട -റവന്യൂ മന്ത്രി കാസർകോട്: ജില്ലയിലെ ഭൂമിപതിച്ചു കൊടുക്കൽ നടപടിക്രമങ്ങൾ ഇഴയുന്നതിനെതിരെ റവന്യൂ മന്ത്രിയുടെ രൂക്ഷ വിമർശനം. കലക്ടറേറ്റിൽ നടന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ പൊട്ടിത്തെറിച്ചു. 'മന്ത്രിമാർ വരും പോകും, അവർ പറയുന്നതൊന്നും നടപ്പാക്കേണ്ടതില്ല എന്ന ധാരണ ചില ഉദ്യോഗസ്ഥർക്കുണ്ടെന്നും അത് ഉപേക്ഷിക്കണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ഇങ്ങനെ പറഞ്ഞ വില്ലേജ് ഒാഫിസറെയും തഹസിൽദാറെയും തനിക്കറിയാമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ നവംബറിൽ നടത്തേണ്ട അടുത്ത പട്ടയമേളയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. മലയോരത്ത് കൈവശം െവച്ചിരിക്കുന്ന രണ്ട് ഏക്കർ ഭൂമിയും ഇടനാട്ടിൽ ഒരേക്കർ ഭൂമിയും പതിച്ചു നൽകുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. ഭൂമിയില്ലാത്തവർക്ക് 15 സ​െൻറും പതിച്ചു നൽകാമെന്ന് റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ, ഒരു തഹസിൽദാർ 'അങ്ങനെയൊരു നിയമമുണ്ടെങ്കിൽ' എന്ന് പറഞ്ഞത് മന്ത്രിയുടെ നീരസത്തിന് കാരണമായി. ഉണ്ടെങ്കിൽ അല്ല, ഉണ്ട് എന്ന് മന്ത്രി പറഞ്ഞു. 12 വർഷമായി കൈവശം വെക്കുന്ന ഭൂമി പതിച്ചുനൽകാം. റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബിൽഡിങ് അസസ്മ​െൻറ് രജിസ്റ്ററിലെ പേര് എന്നിവ പരിശോധിച്ചാൽ മതി. നിയമം കൃത്യമാണ്. എന്നാൽ, നിസ്സാര പ്രശ്നത്തി​െൻറ പേരിൽ തടഞ്ഞുവെക്കുകയാണ് ചെയ്യുന്നത്. ഇതിലെ ബുദ്ധിമുട്ട് ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചപ്പോൾ എന്തിനാണ് ബുദ്ധിമുട്ട് ഇല്ലാത്തത് എന്നായി മന്ത്രി. തനിക്കും നിങ്ങൾക്കും ശമ്പളമുണ്ട്. ഇതൊന്നുമില്ലാത്ത മനുഷ്യരുടെ ബുദ്ധിമുട്ട് ആദ്യം മനസ്സിലാക്കണമെന്ന് മന്ത്രി പറഞ്ഞു. പട്ടയമേളയുടെ കാര്യത്തിൽ ഉടൻ നടപടിവേണമെന്നും ഇനി ഇക്കാര്യത്തിൽ കാലതാമസം പാടില്ലെന്നും മന്ത്രി നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.