1.ടി. പുരുഷോത്തമന്റെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട നിലയിൽ. 2.ടി. പുരുഷോത്തമന്റെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തനിലയിൽ
പയ്യന്നൂര്‍: വി. കുഞ്ഞികൃഷ്ണൻ അനുകൂലിയും സി.പി.എം എ.കെ.ജി ഭവൻ ബ്രാഞ്ചംഗവും മത്സ്യകർഷകനും അക്വാകൾച്ചർ ഡെവലപ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി (അഡ്കോസ്) ചെയർമാനുമായ മാവിച്ചേരി ആസാദ് ഭവനിലെ ടി. പുരുഷോത്തമന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചു നശിപ്പിക്കുകയുംചെയ്തു. വീടിന്റെ രണ്ടു ഭാഗങ്ങളിലെ എട്ട് പാളി ജനലുകളും കാറിന്റെ ഗ്ലാസുകളും തകര്‍ത്ത അക്രമികള്‍ കാറിന് തീയിടുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അക്രമം അരങ്ങേറിയത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും വശങ്ങളിലെയും ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. അക്രമികൾ പ്ലാസ്റ്റിക് കുപ്പിയില്‍ കൊണ്ടുവന്ന ഇന്ധനമൊഴിച്ച് കാറിന്റെ പിന്‍ഭാഗത്തെ ടയറിനോട് ചേര്‍ന്ന് തീയിടുകയായിരുന്നു. ഉഗ്രശബ്ദത്തോടെ ടയർ പൊട്ടുന്നത് കേട്ട് ഉണർന്ന വീട്ടുകാർ ജനാലയിലൂടെ തീ ഉയരുന്നതു കണ്ട് വാട്ടർപൈപ്പുപയോഗിച്ചാണ് തീയണച്ചത്. മൂന്ന് ഇരുചക്ര വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയതെന്നു പറയുന്നു. വീട്ടുകാർ ഉണർന്നതോടെ അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു.
വി. കുഞ്ഞികൃഷ്ണനോട് അനുഭാവം പുലർത്തിയ പുരുഷോത്തമൻ ഗാന്ധിപാർക്കിൽ നടന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. അക്രമസംഭവമറിഞ്ഞ് റൂറൽ ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ, പയ്യന്നൂർ ഡിവൈ.എസ്.പി പി.എൽ. ഷൈജു, ഇൻസ്പെക്ടർ സി. ബിനു എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍നിന്ന് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ അക്രമികളുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന ടി. പുരുഷോത്തമന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മത്സ്യകര്‍ഷകനും അക്വാകള്‍ച്ചര്‍ ഡെവലപ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി (അഡ്കോസ്) ചെയര്‍മാനുമായ പുരുഷോത്തമന് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ജലകര്‍ഷകന്‍ മാസികയുടെ എഡിറ്ററുമാണ്.
പയ്യന്നൂർ കാറമേലിൽ ചുറ്റുമതിൽ തകർത്തു. യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ പ്രചാരണ ചുവരെഴുത്ത് നടത്തിയ കോൺഗ്രസ് അനുഭാവിയുടെ പറമ്പിന്റെ ചുറ്റുമതിലാണ് തകർത്തത്. കാറമേൽ റേഷൻ കടക്കു സമീപത്തെ കെ.പി. രേഖയുടെ പറമ്പിന്റെ ചുറ്റുമതിലാണ് തകർത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. 15 മീറ്ററോളം മതിൽ തകർത്ത നിലയിലാണ് ഉടമ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.