തേൻജില്ല; കർഷക ഗ്രൂപ്പുകളുടെ യോഗംചേർന്നു

കണ്ണൂർ: ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന തേനീച്ചകൃഷി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകഗ്രൂപ്പുകളുടെ യോഗം ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്നു. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ല പഞ്ചായത്ത് നീക്കിവെച്ചത്. കുറഞ്ഞത് അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തേനീച്ചയുൾപ്പെടെ 10 പെട്ടിയടങ്ങുന്ന ഒന്നോ അതിലധികമോ യൂനിറ്റ് ഒരു ഗ്രൂപ്പിന് നൽകും. ചെറുതേനീച്ചകളും സാധാരണ തേനീച്ചകളും നൽകുന്നുണ്ട്. ചെറുതേനീച്ചകൾക്കാണ് നിലവിൽ കൂടുതൽ ആവശ്യക്കാർ. ചെറുതേനീച്ച 10 പെട്ടിക്ക് 15,000 രൂപയും സാധാരണ തേനീച്ച 10 പെട്ടിക്ക് 10,000 രൂപയുമാണ് വില. അനുബന്ധ ഉപകരണങ്ങളും നൽകും. പകുതി സബ്സിഡിയായി ജില്ല പഞ്ചായത്ത് നൽകും. പകുതി ഗുണഭോക്തൃവിഹിതമായി അടക്കണം. വിദ്യാർഥികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും സഹായകമായ തേൻ സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇരുനൂറോളം അപേക്ഷകളാണ് തേനീച്ചകൃഷിക്കായി ലഭിച്ചിട്ടുള്ളത്. യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പണ്ടുകാലത്തുണ്ടായിരുന്ന തേൻകൃഷി ജില്ലയിൽനിന്ന് അന്യംനിന്നുപോയത് വീണ്ടെടുക്കാൻ കഴിയണമെന്നും ജില്ല പഞ്ചായത്തി​െൻറ മികച്ച പദ്ധതിയായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. അനില പദ്ധതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.