ജില്ലാ സ്കൂള്‍ കായികമേള: ഒമ്പത് മീറ്റ് റെക്കോഡുകള്‍; പയ്യന്നൂര്‍ മുന്നില്‍

കണ്ണൂര്‍: ഒമ്പതു മീറ്റ് റെക്കോഡുകള്‍ പിറന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയിലെ ആദ്യദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പയ്യന്നൂര്‍ ഉപജില്ലയുടെ കുതിപ്പ്. നടത്ത മത്സരത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ കോഴിച്ചാല്‍ ജി.എച്ച്.എസ്.എസിന്‍െറ കരുത്തില്‍ അഞ്ച് സ്വര്‍ണവും പത്ത് വെള്ളിയും ഏഴു വെങ്കലവുമടക്കം 80 പോയന്‍റുകള്‍ നേടിയാണ് പയ്യന്നൂര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. അഞ്ച് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം 47 പോയന്‍റുള്ള ഇരിട്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണം, ഒരു വെള്ളി, എട്ടു വെങ്കലമടക്കം 41 പോയന്‍റുള്ള തളിപ്പറമ്പ് നോര്‍ത് മൂന്നാം സ്ഥാനത്തുണ്ട്. റെക്കോഡുകള്‍ പിറക്കാന്‍ മടിച്ചുനിന്ന കഴിഞ്ഞ മീറ്റിന്‍െറ ഓര്‍മകള്‍ ഇല്ലാതാക്കിയാണ് പൊലീസ് മൈതാനത്ത് ജില്ലാ സ്കൂള്‍ കായികമേളക്ക് ഉശിരന്‍ തുടക്കമായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ ജി.എച്ച്.എസ്.എസ് കോഴിച്ചാലിലെ റിന്‍സി തോമസ്, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ അര്‍ജുന്‍ സുനില്‍ കുമാര്‍, എം.കെ. വൈഷ്ണവ്, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കല്ലൂര്‍ ന്യൂ യു.പി സ്കൂളിലെ എം. ദേവാംഗ്, കേളകം സെന്‍റ് തോമസ് എച്ച്.എസിലെ സി.എന്‍. മുഹമ്മദ് സിയാദ് എന്നിവരും സബ് ജൂനിയര്‍ 4x100 മീറ്റര്‍ റിലേയില്‍ പയ്യന്നൂര്‍, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലകളും സീനിയര്‍ ബോയ്സ് 4x100 മീറ്റര്‍ റിലേയില്‍ ഇരിട്ടി ഉപജില്ലയുമാണ് പുതിയ റെക്കോഡുകള്‍ ഉയര്‍ത്തിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീ നടത്തത്തില്‍ കോഴിച്ചാല്‍ സ്കൂളിലെതന്നെ സിജിന വര്‍ഗീസ് സ്ഥാപിച്ച 17:13.20 എന്ന സമയം 16:54:70 ആയി മെച്ചപ്പെടുത്തിയാണ് റിന്‍സി തോമസ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ വിഭാഗത്തില്‍ രണ്ടു തവണ റെക്കോഡുകള്‍ മറികടക്കപ്പെട്ടു. കടത്തുകടവ് സെന്‍റ് ജോസഫ്സിലെ ജോയല്‍ ജോസഫ് സ്ഥാപിച്ച 29.77 മീറ്റര്‍ സെന്‍റ് ജോര്‍ജ് എച്ച്.എസ് ചെമ്പന്‍തൊട്ടിയിലെ എം.കെ. വൈഷ്ണവ് 30.32 മീറ്ററായും സി.എച്ച്.എം.എ എളയാവൂരിലെ അര്‍ജുന്‍ സുനില്‍ കുമാര്‍ 32.17 മീറ്ററായുമാണ് തിരുത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പിലും നിലവിലെ റെക്കോഡ് രണ്ടുതവണ തിരുത്തിക്കുറിക്കപ്പെട്ടു. ജി.എച്ച്.എസ്.എസ് പാലയാടിലെ പി.പി. അക്ഷയ് സ്ഥാപിച്ച 1.46 മീറ്റര്‍ ദൂരം 1.48 മീറ്ററായി കല്ലൂര്‍ ന്യൂ യു.പി സ്കൂളിലെ എം. ദേവാംഗും കേളകം സെന്‍റ് തോമസ് എച്ച്.എസിലെ സി.എന്‍. മുഹമ്മദ് സിയാദുമാണ് റെക്കോഡ് മറികടന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റെക്കോഡ് തകര്‍ന്നത് ഹീറ്റ്സിലാണ്. പയ്യന്നൂര്‍ സെന്‍റ് ജോസഫ് എച്ച്.എസ്.എസിലെ വി.വി. ആകാശ് സ്ഥാപിച്ച 52.59 സെക്കന്‍റ് സമയം 52.32 ആയി കാടാച്ചിറ എച്ച്.എസ്.എസിലെ വി.സി. കാര്‍ത്തികാണ് മറികടന്നത്. ഫൈനലില്‍ റെക്കോഡ് ആവര്‍ത്തിക്കാനായില്ളെങ്കിലും കാര്‍ത്തിക് സ്വര്‍ണം കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ നിലവിലെ റെക്കോഡായ 53.09 സെക്കന്‍റ് രണ്ടുവട്ടം തിരുത്തിക്കുറിച്ചു. കണ്ണൂര്‍ നോര്‍ത് ഉപജില്ല 52.56 സെക്കന്‍റിലും പയ്യന്നൂര്‍ ഉപജില്ല 51.55 സെക്കന്‍റിലും ഫിനിഷ് ചെയ്താണ് നേട്ടം കരസ്ഥമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ ഇരിട്ടി ഉപജില്ല നിലവിലുണ്ടായിരുന്ന 46.48 സെക്കന്‍റ് 46.35 സെക്കന്‍റായാണ് മെച്ചപ്പെടുത്തിയത്. മീറ്റ് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ലിഷ ദീപക്, സി.എം. ബാലകൃഷ്ണന്‍, കെ.കെ. ശോഭന, കെ.എം. കൃഷ്ണദാസ്, ഡോ. ശശിധരന്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു. ഡി.ഡി.ഇ ഇ. വസന്തന്‍ സ്വാഗതവും പി.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. മീറ്റിന്‍െറ രണ്ടാംദിനമായ വെള്ളിയാഴ്ച 31 ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.