സുഹാർ: അപൂർവമായൊരു സൈക്കിൾ യാത്രയിലാണ് ഒമാനിലെ പ്രവാസി വീട്ടമ്മയായ റംഷീനയും രണ്ടു മക്കളും. സുഹാറിൽനിന്ന് ആയിരത്തിലേറെ കിലോമീറ്റർ അകലെ സലാലയിലേക്ക് സൈക്കിൾ യാത്രയിലാണ് മൂവരും. കണ്ണൂർ കൂത്തുപറമ്പ് മാനന്തേരി സ്വദേശികളായ റംഷീനയും പന്ത്രണ്ട് വയസ്സുള്ള മകൻ മുഹമ്മദ് ഹന്നാനും പതിനൊന്നു വയസ്സുള്ള മകൾ ആമിനയുമാണ് സാഹസിക യാത്രക്ക് പുറപ്പെട്ടത്. സുഹാർ അംബാർ പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന ഫ്ലാഗ് ഓഫിൽ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.
സൈക്കിളിൽ ലോക പര്യടനം നടത്തുന്നവരും മാസങ്ങളോളോളം സഞ്ചരിക്കുന്നവരും ഉണ്ടെങ്കിലും ഒരു മുൻ പരിചയവുമില്ലാതെ, സാധാരണ പ്രവാസി വീട്ടമ്മയായ റംഷീനയും മക്കളും നടത്തുന്ന സൈക്കിൾ യാത്ര ശ്രദ്ധേയമാവുന്നത് അതിന്റെ ലക്ഷ്യം കൊണ്ടുകൂടിയാണ്. സുഹാറിൽ ഹോട്ടൽ തൊഴിലാളിയായ ഹനീഫയാണ് റംഷീനയുടെ ഭർത്താവ്. അദ്ദേഹത്തിന് ജോലിയിൽ നിന്ന് വിട്ടു നിൽക്കാനാവാത്തതിനാൽ ഇവരെ അനുഗമിക്കാനായിട്ടില്ല.
റംഷീനയുടേത് ഒരാവേശത്തിന് പുപ്പെട്ട സൈക്കിൾ യത്രയല്ല. അത് ഒരു അതിജീവനത്തിന്റെ യാത്രയാണ്. രണ്ട് വർഷമായി റംഷീന ഒമാനലെ സുഹാറിൽ എത്തിയിട്ട്. ഭർത്താവിന്റെ ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. വിസയുടെ കാലാവധിയും കഴിയാറായി.
എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണം എന്ന ചിന്തയിലാണ് ഇങ്ങനെയൊരു സാഹസിക യാത്ര തെരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടിയ വിവരങ്ങളും മറ്റും തേടിപിടിച്ച് യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി. യാത്രക്കുള്ള ചെലവൊന്നും എവിടെനിന്നും കിട്ടിയിട്ടില്ല.
ഫോണും യാത്രക്കുള്ള സൈക്കിളും സ്വന്തമായി വാങ്ങിയതാണ്.
ശനിയാഴ്ച ബറകയലെത്തിയ മൂവരും അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച രാവിലെ യാത്ര തുടരും. യാത്ര സലാലയിൽ എത്തുന്നതിനു മുൻപ് സ്പോൺസറെ കിട്ടുമെന്ന് തന്നെയാണ് റംഷീനയും കുടുംബവും പ്രതീക്ഷിക്കുന്നത്. താനും തന്റെ മക്കളും ചവിട്ടി താണ്ടേണ്ടുന്ന ദൂരത്തെക്കുറിച്ചു നല്ല ബോധ്യമുണ്ട് റംഷീനക്ക്. നല്ല കാലാവസ്ഥയായത് യാത്ര സുഖമാകും എന്നാണ് മൂവരുടെയും വിശ്വാസം. ലക്ഷ്യം സാധ്യമാകട്ടെ എന്ന പ്രാർത്ഥന നേരുകയാണ് കുടുംബത്തെ അറിയുന്നരെല്ലാം. യാത്ര ഒമാനിലൂടെയായതിനാൽ സുരക്ഷയുടെ കാര്യത്തിൽ കുടുംബത്തിന്പേടിയൊന്നുമില്ല. മുമ്പ്,
പ്രശസ്ത സൈക്കിൾ സഞ്ചാരിയായ സാറാ ഡേവിസ് ഒമാനിലൂടെ സൈക്കിൾ സഞ്ചാരം നടത്തിയിട്ടുണ്ട്. ഒമാനിലെ ജനങ്ങളുടെ ആതിഥ്യമര്യാദയെക്കുറിച്ചും സ്ത്രീകളുമായും കുട്ടികളുമായും സംവദിച്ചതിനെക്കുറിച്ചും അവർ തന്റെ ബ്ലോഗുകളിൽ വിവരിക്കുന്നുണ്ട്. സലാലയിലേക്കുള്ള വിജനമായ പാതകളിൽ തനിച്ചുള്ള യാത്ര വെല്ലുവിളിയാണെങ്കിലും ഒമാൻ സുരക്ഷിതമാണെന്ന് അവർ സാക്ഷ്യപ്പെടുത്തിയിരുന്നു.
അതിജീവനത്തിന്റെ മരുഭൂ പാതയിലൂടെ മക്കൾക്കൊപ്പം സൈക്കിൾ ചവിട്ടുമ്പോൾ സ്നേഹത്തിന്റെ നീരുറവ വറ്റാത്ത കരങ്ങൾ തങ്ങളെ തേടിയെത്തുമെന്ന ശുഭപ്രതീക്ഷ പങ്കുവെക്കുകയാണ് റംഷീന. cycle.traveling എന്ന ഇൻസ്റ്ഗ്രാം അക്കൗണ്ടിലൂടെയും തന്റെ ‘family on wheels @wheels-w6o’ യൂടുബ് ചാനലിലൂടെയും യാത്രാ വിവരങ്ങൾ റംഷീന പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.