പ്രതീകാത്മക ചിത്രം
കണ്ണൂർ: പടിയൂർ പഞ്ചായത്തിലെ കല്യാട് നിർമിച്ച അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ഗവേഷണ സഹകരണത്തിന് സന്നദ്ധത അറിയിച്ച് 40 ദേശീയ-അന്തർദേശീയ സ്ഥാപനങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിലുള്ള ഗവേഷണത്തിന് ഉടൻ ധാരണപത്രം ഒപ്പുവെക്കും. ആയുര്‍വേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ഡേഡൈസ് ചെയ്യുന്നതിനും ആധുനിക ബയോടെക്‌നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ക്കുമാണ് കേന്ദ്രം സ്ഥാപിച്ചത്.
ആദ്യഘട്ട നിർമാണം പൂർത്തിയായ കേന്ദ്രം ഉടൻ ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. 36.5 ഏക്കറിൽ കിഫ്ബി അനുവദിച്ച 69 കോടി ഉപയോഗിച്ചാണ് ഒന്നാംഘട്ട പ്രവൃത്തി നടത്തിയത്. രാജ്യത്തെതന്നെ ഏറ്റവും മികച്ച സ്ഥാപനം ഇവിടെ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഗവേഷണ വിദ്യാർഥികൾ മലയോര മണ്ണിലെത്തി ആയുർവേദത്തെ അടുത്തറിയും.
2022 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തിയ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട നിർമാണം നടത്തിയത് ആയുഷിന് കീഴിൽ കിറ്റ്കോയാണ്. എറണാകുളത്തെ ശിൽപ കമ്പനിയാണ് കരാറെടുത്തത്. ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും ഔഷധസസ്യ സംരക്ഷണത്തിനും സംസ്ഥാന വികസനത്തിന് ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. 300 കോടി ചെലവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കുക.
100 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, വൈദ്യശാസ്ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഔഷധ സസ്യങ്ങളുടെ നഴ്സറി ബ്ലോക്ക്, ചുറ്റുമതിലും കവാടവും.
ആയുർവേദ അറിവുകളും ലോകമെമ്പാടുമുള്ള പാരമ്പര്യ ചികിത്സാരീതികളും പ്രദർശിപ്പിക്കുന്ന ആയുർവേദ മ്യൂസിയം, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാർക്ക് ക്വാർട്ടേഴ്‌സ്, ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കുമുള്ള താമസ സംവിധാനം, കാന്റീന്‍, ഹെര്‍ബല്‍ ഗാര്‍ഡന്‍, 33 കെ.വി സബ് സ്റ്റേഷൻ.
314 ഏക്കറാണ് ഗവേഷണ കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തത്. 286 കോടിയാണ് അനുവദിച്ചത്. ഇതിൽ 114 കോടി ചെലവഴിച്ചു. റവന്യൂ വകുപ്പിന്റെ 100 ഏക്കറും സ്വകാര്യ വ്യക്തികളുടെ 214 ഏക്കർ സ്ഥലവുമാണ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.