താലൂക്ക് ആശുപത്രിയിൽ മരുന്നുവാങ്ങാൻ നീണ്ട കാത്തിരിപ്പ്

ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ മരുന്നിനായുള്ള രോഗികളുടെ കാത്തിരിപ്പ് മൂന്നും നാലും മണിക്കൂറുകൾ. രാവിലെ 10ന് ഡോക്ടറെ കണ്ട രോഗിക്ക് മരുന്ന് ലഭിക്കണമെങ്കിൽ ഉച്ചക്ക് ശേഷം രണ്ട് വരെയെങ്കിലും കാത്തിരിക്കണം.

ആദിവാസികൾ ഉൾപ്പെടെ 800നും ആയിരത്തിനും ഇടയിൽ രോഗികളാണ് ദിവസവും എത്തുന്നത്. ഗൈനക്കോളജി വിഭാഗത്തിൽ ഒഴികെ മറ്റെല്ലാ തസ്തികകളിലും ഡോക്ടർമാർ ഉണ്ടെങ്കിലും പാരമെഡിക്കൽ ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.

പകരം സംവിധാനം ഏർപ്പെടുത്താതെ നിലവിലുള്ള രണ്ട് ഫാർമസിസ്റ്റുകളെ സ്ഥലം മാറ്റിയതാണ് കാത്തിരിപ്പിന് കാരണം. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഫാർമസിയുടെ പ്രവർത്തനം വൈകീട്ട് ആറുവരെയാണ്. ജീവനക്കാരുടെ കുറവ് മൂലം ഇപ്പോൾ മൂന്നു വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ ഉച്ചക്ക് ശേഷം ഡോക്ടറെ കാണാൻ എത്തുന്നവർ ഫലത്തിൽ പുറത്തുനിന്നും പണം നൽകി മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. പി.എസ്‌.സി വഴി നിയമനം നേടിയ രണ്ട് പേരെയാണ് പകരം സംവിധാനം ഏർപ്പെടുത്താതെ സ്ഥലം മാറ്റിയത്. ആറുപേർ ഉണ്ടാകേണ്ട സ്ഥാനത്ത് മൂന്ന് പേർ മാത്രമാണ് ഉള്ളത്.

പ്രതിസന്ധി രൂക്ഷമായതോടെ മട്ടന്നൂരിൽ നിന്നും തില്ലങ്കേരിയിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് പേരെ മാറ്റി നിയമിച്ചാണ് ഇപ്പോൾ ഫാർമസി പ്രവർത്തിക്കുന്നത്. എൻ.എച്ച്.എം സ്‌കീം പ്രകാരം നിയമിച്ച ഒരാളും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച ഒരാളെയും വെച്ചാണ് പ്രവർത്തനം. രോഗികൾക്കുണ്ടാകുന്ന പ്രയാസം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.

ഉടൻ പുതിയ നിയമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇക്കാര്യം കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതിയോഗത്തിൽ സൂപ്രണ്ട് ഉന്നയിച്ചിരുന്നു. മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് നിയമിച്ചവരെ തിരിച്ചു വിളിക്കുമെന്ന യോഗത്തിൽ പങ്കെടുത്ത് മട്ടന്നൂർ നഗരസഭ അധ്യക്ഷൻ പറഞ്ഞിരുന്നു. അങ്ങനെയായാൽ പ്രതിസന്ധി രൂക്ഷമാകും.

Tags:    
News Summary - Pharmacist shortage in taluk hospital iritty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.