രാമച്ചി റോഡിലുള്ള പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങൾ
കേളകം: രാമച്ചിയിൽ ഭീതി പരത്തി പുലിയുടെ സാന്നിധ്യം. അടയ്ക്കാത്തോട്-രാമച്ചി റോഡിലെ പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. തോട്ടം പാട്ടത്തിനെടുത്ത് വെട്ടുന്ന മഠത്തിൽ മനു, വിനു എന്നിവർ സ്ഥാപിച്ച സി.സി.ടി.വിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
പുലർച്ച 2.30നാണ് സഹോദരങ്ങളായ ഇവർ റബർ ടാപ്പിങ്ങിനായി വരുന്നത്. എന്നാൽ, പനിയായതിനാൽ ടാപ്പിങ് നടത്താനെത്തിയില്ല. കാമറക്ക് മുന്നിൽ പുലിപെട്ടതോടെ ഇവർക്ക് നോട്ടിഫിക്കേഷൻ വന്നു. പരിശോധിച്ചപ്പോൾ പുലിയുടെ ദൃശ്യം കാണുകയുമായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ രാമച്ചിയിലെ പള്ളിവാതുക്കല്‍ എബ്രഹാം എന്ന കര്‍ഷകന്റെ ആറ് പോത്ത്, 15 ആട്, നിരവധി വളര്‍ത്തു നായകള്‍, പശുക്കള്‍ എന്നിവയാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുമ്പ് പ്രദേശത്ത് വന്യമൃഗ ആക്രമണം കൂടിയപ്പോള്‍ കാമറകള്‍ സ്ഥാപിക്കുകയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. രാമച്ചി ഗ്രാമവാസികള്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്തായാണ് പുലിയുടെ സാന്നിധ്യം പതിവാകുന്നത്.
സംഭവമറിഞ്ഞ് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് തിരിച്ചിൽ നടത്തി. റോഡിൽ പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിച്ച പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, വാർഡ് മെംബർ പി.എ. അബ്ദുൽ സലാം, കിഫ ജില്ല പ്രസിഡന്റ് പ്രിൻസ് ദേവസ്യ തുടങ്ങിയവർ സ്ഥലത്തെത്തി. സ്ഥലത്ത് കാമറകൾ സ്ഥാപിക്കുകയും 24 മണിക്കൂർ വനംവകുപ്പ് ദൗത്യം സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും വനം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.