ആറുമാസത്തിനിടെ 716 അപകടം; പൊലിഞ്ഞത് 59 ജീവനുകള്‍

തൊടുപുഴ: ആറുമാസത്തിനിടെ ജില്ലയിലുണ്ടായ 716 അപകടങ്ങളില്‍ പൊലിഞ്ഞത് 59 ജീവനുകള്‍. ഫെബ്രുവരി മുതല്‍ ജൂലൈ വരെ ആറുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 741 പേര്‍ക്കാണ് പരിക്കേറ്റത്. ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ വാഹനങ്ങളില്‍ മുന്‍പന്തിയില്‍ ഇരുചക്ര വാഹനങ്ങളാണ്. ബൈക്കുകള്‍ കൂട്ടിയിടിച്ചും മറിഞ്ഞുമുണ്ടായ അപകടങ്ങളിലാണ് ജില്ലയില്‍ ഏറെപ്പേരും മരിച്ചത്. തൊട്ടുപിന്നില്‍ ഓട്ടോകളാണ്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ്, ലോറി, മിനി ബസ്, കാര്‍, ജീപ്പ് എന്നിങ്ങനെയാണ് അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ക്രമം. ജില്ലയില്‍ വാഹന പരിശോധന ഊര്‍ജിതപ്പെടുത്തിയതിന്‍െറ ഭാഗമായി അപകടനിരക്ക് കുറഞ്ഞതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 1142 അപകടങ്ങളാണ് ജില്ലയില്‍ നടന്നത്. ജില്ലയില്‍ വാഹന പരിശോധന കര്‍ശനമായി നടത്തുകയും നിയമംലംഘിച്ച് ഓടുന്ന വാഹനങ്ങളെ പിടികൂടി പിഴ ഈടാക്കുകയും ചെയ്യുന്നതാണ് അപകടങ്ങളുടെ എണ്ണം കുറയാന്‍ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പും ചൂണ്ടിക്കാട്ടുന്നു. 2016 ജനുവരി ഒന്നുമുതല്‍ ആഗസ്റ്റ് പത്തുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 6390 കേസുകളില്‍നിന്ന് 57,62,700 രൂപ പിഴ ഈടാക്കി. തൊടുപുഴ, വണ്ടിപ്പെരിയാര്‍, അടിമാലി, നെടുങ്കണ്ടം, ഇടുക്കി എന്നിവിടങ്ങളിലാണ് ജില്ലയിലെ ആര്‍.ടി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കീഴിലാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പ് എട്ടുമാസത്തിനിടെ 4742 കേസുകളാണ് ഇത്തരത്തില്‍ മാത്രം പിടികൂടിയത്. തൊട്ടുപിന്നില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ച് പിടിയിലായവരാണ്. ഇവരുടെ എണ്ണം 282 ആണ്. സീറ്റ് ബെല്‍റ്റ് ഇടാത്ത 604 കേസുകളും ആഗസ്റ്റ് പത്തുവരെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയിരുന്നു. നഗരപ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗം കൂടിവരുന്നതായാണ് അധികൃതര്‍ പറയുന്നത്. വാഹന പരിശോധനക്കിടയിലും മറ്റും നിരവധിക്കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹനാപകടങ്ങള്‍ കുറക്കാനും അമിതവേഗത ഒഴിവാക്കാനും ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് ശക്തമായ നടപടികളും പ്രത്യേക പരിശോധനകളും നടത്തുന്നതായി ഇടുക്കി ആര്‍.ടി.ഒ റോയി മാത്യു പറഞ്ഞു. ബുധനാഴ്ച എയര്‍ ഹോണ്‍ ഘടിപ്പിച്ച 47 ബസുകള്‍ സ്പെഷല്‍ ഡ്രൈവിന്‍െറ ഭാഗമായി പിടികൂടി പിഴചുമത്തിയതായി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.