പ്രതീകാത്മക ചിത്രം
പീരുമേട്: പാചക വാതക വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സിലിണ്ടറുകൾ കരിഞ്ചന്തയിൽ അമിത വിലക്ക് വിൽക്കുന്നതായി പരാതി. 1500 രൂപ വരെയാണ് ഒരു സിലിണ്ടർ പാചക വാതകത്തിന് വാങ്ങുന്നത്. ഉപഭോക്താക്കൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പാചക വാതക സിലിണ്ടറിന് ക്ഷാമവും നേരിടുകയാണ്.
പാമ്പനാർ, പട്ടുമല ജങ്ഷൻ, കരടിക്കുഴി, വണ്ടിപ്പെരിയാർ, പള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സമാന്തര വിൽപന നടത്തുന്നതായി നാട്ടുകാർ പറയുന്നു. പട്ടുമല ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ ദേശീയ പാതയോരത്ത് നിരവധി സിലിണ്ടറുകളാണ് സംഭരിച്ച് വിൽപന നടത്തുന്നത്. കരിഞ്ചന്ത വിൽപനക്കാർക്ക് അമിത വില നൽകിയാൽ സിലിണ്ടറുകൾ യഥേഷ്ടം ലഭിക്കും. കരിഞ്ചന്തയിൽ വിൽക്കുന്ന സിലിണ്ടറുകൾ പൊതുവിതരണ വകുപ്പ് പിടികൂടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അതേസമയം, പാചക വാതക സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വാണിജ്യ-ഗാർഹിക ഉപഭോക്താക്കളെ ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത് മുതലെടുത്താണ് കരിഞ്ചന്ത വിൽപനക്കാർ രംഗപ്രവേശനം ചെയ്തതെന്നാണ് സൂചന.
നിയന്ത്രണം പിൻവലിക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി
കുമളി: ഹോട്ടലുകളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് ഗ്യാസ് വിതരണം സുഗമമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിയന്ത്രണം വന്നതോടെ ജില്ലയുടെ പല ഭാഗത്തും പാചകവാതകമില്ലാതെ ഹോട്ടലുകൾ അടച്ചിടുകയാണ്.
പാചകവാതക നിയന്ത്രണം സംരംഭങ്ങളുടെയും തൊഴിലാളികളുടെയും നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്നതാണ്. ഇതിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ട്രഷറർ ആർ. രമേശ്, പി. എം. ബേബി, തങ്കച്ചൻ കോട്ടക്കകം, ബാബുലാൽ, സിബി കൊച്ചുവള്ളാട്ട്, ടി. സി. രാജു, റോയ് വർഗീസ്, ആർ. സുരേഷ്, എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.