നെടുങ്കണ്ടം: കര്‍ഷക സമരങ്ങളുടെയും മാര്‍ച്ചിന്റെയും ചരിത്രം ഉറങ്ങുന്ന മണ്ഡലമാണ് ഉടുമ്പഞ്ചോല. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളെയും വിജയിപ്പിച്ച മണ്ഡലം. എന്നാൽ, കാൽനൂറ്റാണ്ടായി ഇടത് മുന്നണിക്കൊപ്പമാണ്. സംസ്ഥാന ജില്ല സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇക്കുറി മണ്ഡലത്തിലെ മത്സരം പ്രവചനാതീതമാണ്. ഇതുവരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സി.പി.ഐയും രണ്ടുതവണ വീതം വിജയിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് നാലു തവണയും സി.പി.എം ആറു തവണയും വിജയിച്ചു.
1965 ലാണ് മണ്ഡലം രൂപീകൃതമായത്. അന്ന് മണ്ഡലത്തില്‍ സി.പി.ഐയിലെ ജേക്കബിനായിരുന്നു വിജയം. 1965ലും 1967ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയിലെ കെ.ടി. ജേക്കബ് വിജയം കൊയ്തു. 1970 ല്‍ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനും 1977ല്‍ കേരള കോൺഗ്രസിലെ തോമസ് ജോസഫും 1980ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപിന്റെ തോമസ് ജോസഫും വിജയികളായി. 1982ല്‍ സി.പി.എമ്മിലെ എം. ജിനദേവന് വിജയിച്ചു. 1987ല്‍ കേരള കോൺഗ്രസിലെ മാത്യൂ സ്റ്റീഫന്‍ എം. ജിനദേവനെ പരാജയപ്പെടുത്തി. 91ലും 96ലും കോണ്‍ഗ്രസിലെ ഇ.എം. ആഗസ്തി വിജയിച്ചു. 2001, 06, 11 വർഷങ്ങളില്‍ സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രന് മണ്ഡലം സ്വന്തമാക്കി. 2016ലും 2021ലും സി.പി.എമ്മിലെ എം.എം. മണി മണ്ഡലം നിലനിർത്തി.
നിയോജക മണ്ഡലത്തില്‍ ആകെ 1,49,111 (പുരുഷന്മാര്-73684, സ്ത്രീകള്‍-75424, ട്രാന്‍സ്ജെന്‍ഡര്‍-3) വോട്ടർമാരാണുള്ളത്. ഇരട്ടയാര്‍, വണ്ടന്മേട്, കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി എന്നീ 10 പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മണ്ഡലം.
നേട്ടങ്ങള്‍
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും 750 കോടി മുടക്കി സമ്പൂര്‍ണ കുടിവെള്ള പദ്ധതി ജല്‍ജീവന്‍ മിഷന് നടപ്പാക്കി.
നെടുങ്കണ്ടത്ത് 152 കോടി മുടക്കി ജില്ല ആശുപത്രിയും 23.5 കോടി മുടക്കി ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റും സ്ഥാപിച്ചു.
ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടത്തിന് 20 കോടി.
250 കോടി മുടക്കി ആയുര്‍വേദ മെഡിക്കല്‍ കോളജ്
രാജകുമാരിയില്‍ 10.5 കോടിയുടെ ഇന്റഗ്രേറ്റഡ് ആശുപത്രി
പച്ചടിയില്‍ 40 കോടിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയവും നെടുങ്കണ്ടത്ത് 12 കോടിയുടെ സിന്തറ്റിക് സ്റ്റേഡിയവും.
1286 കോടിയുടെ വിവിധ റോഡുകള്‍.
നെടുങ്കണ്ടം കോടതി കോംപ്ലക്സ് 30 കോടി.
വിവിധ സ്കൂളുകള്‍ക്ക് 70 കോടി.
കൂട്ടാര്‍ ഐ.ടി.ഐ രണ്ട് കോടി.
ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന് 300 ലക്ഷം.
താന്നിമൂട്, കൂട്ടാര്‍, പാറമത്താട്, ശാന്തന്‍പാറ, പഴയ കൊച്ചറ, കല്ലാര്‍, സേനാപതി, ഇല്ലിപ്പാലം എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മിച്ചതിന് 30 കോടി.
വിവിധ ഗ്രാമീണ റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് ഷെല്‍ട്ടറുകള്‍, സ്കുള് ബസുകള്‍, ആംബുലന്‍സുകള്‍ 60 കോടി.
റീബില്‍ഡ് റോഡുകള്‍ 89 കോടി.
നടുമറ്റം എന്‍.ആര് സിറ്റി റോഡ് 300 ലക്ഷം.
നെടുങ്കണ്ടം അഗ്നിരക്ഷാ സേന 400 ലക്ഷം.
രാജാക്കാട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് 500 ലക്ഷം, കമ്പംമെട്ടില്‍ ഇടത്താവളം 400 ലക്ഷം.
നെടുങ്കണ്ടം ബി.എഡ് കോളജ് കെട്ടിടം 600 ലക്ഷം, പൊളിടെക്നിക് അക്കാദമിക് ബ്ലോക്ക് 450 ലക്ഷം.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് 400 ലക്ഷം, ബോയിസ് ഹോസ്റ്റല്‍ 300 ലക്ഷം, ഐ.എച്ച്.ആര്.ഡി കോളജ് 688 ലക്ഷം.
വില്ലേജ് ഓഫിസ് നവീകരിക്കല്‍ 1000 ലക്ഷം, പഞ്ചായത്തില്‍ ഒരു കളിക്കളം 200 ലക്ഷം, നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റല്‍ 500 ലക്ഷം.
കോട്ടങ്ങള്‍
ആരോഗ്യരംഗത്ത് പിന്നാക്കാവസ്ഥ തുടരുന്നുവെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ജില്ല ആശുപത്രി ഉദ്ഘാടനം ചെയ്തെങ്കിലും രോഗികള്‍ക്ക് മതിയായ സൗകര്യങ്ങളോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തില്ല. ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ചിട്ടില്ല. പല പദ്ധതികളും 10 വര്‍ഷം കൊണ്ടുപോലും പൂര്‍ത്തിയാക്കിയില്ല. മറ്റു നിയോജക മണ്ഡലങ്ങളിലുണ്ടായ ആനുപാതികമായ വികസനം ഇവിടെ ഉണ്ടായിട്ടില്ല. റോഡിന്റെ കാര്യത്തില്‍ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ചുള്ള വികസനവും ഉണ്ടായില്ല. ഗവ. സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും പി.ടി.എ പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ ശ്രമമായിരുന്നു. കോടികണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പലതും സംശയാസ്പദമാണ്.
കമ്പംമെട്ട്-വണ്ണപ്പുറം റോഡ് ഉള്‍പ്പെടെ വികസനങ്ങള്‍ പലതും സി.പി.എം പ്രാദേശീക നേതൃത്വം വികൃതമാക്കി. ടൂറിസം രംഗത്ത് വികസനം ഒന്നുമുണ്ടായില്ല. ചതുരംഗപ്പാറ, രാമക്കൽമേട് അടക്കം വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ഒരു പദ്ധതിയുമില്ല. നെടുങ്കണ്ടം റസ്റ്റ് ഹൗസില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ 10 വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. ബ്ലോക്ക് ബില്‍ഡിങ്ങില്‍ ആരംഭിച്ച ഗ്രാമ ന്യായാലയ അസൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കോടതി സമുച്ചയം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല.
മണിയാശാൻ തുടരുമോ കാത്തിരിപ്പ്
മണ്ഡലത്തിൽ ഇത്തവണ സി.പി.എമ്മിന് വേണ്ടി മണിയാശാൻ അങ്കം തുടരുമോയെന്നതാണ് ഏവരും കാത്തിരിക്കുന്നത്. അദ്ദേഹത്തിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രനെ സ്ഥാനാർഥിയാക്കാൻ തീരുമാനമായെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, 10 വർഷത്തെ പ്രവർത്തനം മൂലം എം.എം. മണിക്ക് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. കോണ്‍ഗ്രസിലാകട്ടെ അര ഡസനിലധികം സ്ഥാനാര്‍ഥികളുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയും മത്സര രംഗത്തുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.