വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന പള്ളിവാസൽ വിപുലീകരണ പദ്ധതി ഭാഗം
അടിമാലി: 17 വർഷത്തെ കാത്തിരിപ്പിന് ശേഷം പള്ളിവാസൽ പവർഹൗസ് വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. പണി പൂർത്തിയായശേഷം നിരവധി തവണ തീയതി നിശ്ചയിച്ചുവെങ്കിലും ഉദ്ഘാടനം നടന്നിരുന്നില്ല.
നാലുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുന്നതിന് 17 വർഷങ്ങൾക്കു മുമ്പാണ് പള്ളിവാസൽ പവർഹൗസ് വിപുലീകരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷങ്ങൾക്കിടയിൽ നിരവധി കരാറുകാർതന്നെ മാറുകയുണ്ടായി. ആദ്യം കരാർ ഏറ്റിരുന്ന കമ്പനി കരാറിൽനിന്ന് പിന്മാറുകയും പിന്നീട് വന്ന കരാറുകാർക്ക് ചൈനയിൽനിന്ന് യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യാൻ സാധിക്കാതെ വരുകയും ചെയ്തത് നിർമാണം നീണ്ടുപോകുന്നതിന് കാരണമായി.
2024 നവംബർ മുതൽ ഇവിടെ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദനം ആരംഭിച്ചിരുന്നു. പെൻസ്റ്റോക്ക്, വാൽവ് ഹൗസ്, ഗ്രിഡ് വർക്ക് എന്നിവയെല്ലാം പൂർത്തിയായിരുന്നു. 175.86 കോടി രൂപയാണ് തുടക്കത്തിൽ അനുവദിച്ചത്. പദ്ധതി പൂർത്തിയാക്കി വൈദ്യുതി ഉൽപാദനം ആരംഭിക്കാൻ താമസിക്കുന്തോറും പദ്ധതി ചെലവുകളും പലിശയും ഉൽപാദനനഷ്ടവും ദിനംപ്രതി കൂടിവരുകയാണ്. പഴയ മൂന്നാറിലെ ഹൈഡൽ പാർക്കിനോട് ചേർന്നാണ് ഇൻടേക്ക് വാൽവുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെനിന്ന് മൂന്നര കിലോമീറ്റർ ദൂരം ടണലിലൂടെയാണ് വെള്ളം പവർ ഹൗസിലേക്ക് എത്തിക്കുന്നത്. ദേവികുളം താലൂക്കിലെ മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളിൽ സംഭരിച്ചിരിക്കുന്ന ജലം ഉപയോഗിച്ചാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പ്രവർത്തനം നടത്തുന്നത്.
30 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൂടാതെ 220 കെ.വി. സബ്സ്റ്റേഷനും ഇതിനു സമീപം സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയിൽനിന്ന് 153.90 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വാർഷിക ഉൽപാദനമായി ലഭിക്കുന്നത്. പദ്ധതിയുടെ ചെലവ് 600 കോടി രൂപയായിട്ടുണ്ട്. ജനറേറ്റർ വിഭാഗം ഡയറക്ടർ ജി. സജീവ് റിപ്പോർട്ട് അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.